ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. വെള്ളപ്പള്ളി നടേശനും കുടുംബത്തിനും കൊലക്കേസുകളില്‍ പങ്കുണ്ടെന്നും ഇത് വെളപ്പെടുത്തുമെന്നും കായംകുളത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുഭാഷ് വാസു വ്യ്‌ക്തമാക്കി.
വെള്ളാപ്പള്ളി കുടുംബത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അത്ര തെളിവുകള്‍ കൈവശമുണ്ട്. വെള്ളാപ്പള്ളിയുടെ അഴിമതി 16ന് ടി.പി. സെന്‍കുമാര്‍ വെളിപ്പെടുത്തും. തുഷാറിന് 500 കോടിയുടെ ആസ്തിയുണ്ടെന്നും നാമനിര്‍ദേശപത്രികയിലുള്ളത് 1.80 കോടി മാത്രമെന്നും സുഭാഷ് വാസു ആരോപിച്ചു. വെള്ളാപ്പള്ളി കുടുംബം ഈഴവസമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണന്നും കുറ്റപ്പെടുത്തി.
ബിഡിജെഎസിന്റെ പ്രസിഡന്റ് താനാണ്. തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന വാദം തെറ്റാണ്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി സീറ്റ് കച്ചവടം നടത്തി. തെരഞ്ഞെടുപ്പ് കാലത്ത് നടന്നത് വെള്ളാപ്പള്ളിയും എല്‍ഡിഎഫുമായുള്ള കുതിര കച്ചവടമാണെന്നും തുഷാറും കുടുംബവും എന്‍ഡിഎയെ വഞ്ചിച്ചുവെന്നും സുഭാഷ് വാസു ആരോപിച്ചു. തുഷാറില്‍ നിന്ന് വധഭീഷണി ഉണ്ടെന്നും സുഭാഷ് വാസു പറഞ്ഞു. വെള്ളാപ്പള്ളിയുടെ കുടുംബത്തിന് മക്കാവോയില്‍ നക്ഷത്ര ഫ്‌ളാറ്റുണ്ട്. താന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ലെന്നും സുഭാഷ് വാസു പറഞ്ഞു.
















