അഞ്ചല്‍: അഞ്ചല്‍ പഞ്ചായത്തിലെ കിടപ്പുരോഗികള്‍ക്കുള്ള പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സിപിഐയുടെ നിര്‍ബന്ധിത പ്രവര്‍ത്തന ഫണ്ടുപിരിവെന്ന് ആക്ഷേപം. അഞ്ചല്‍ പഞ്ചായത്തിലെ കോളേജ് വാര്‍ഡിലാണ് കിടപ്പുരോഗികള്‍ക്ക് നല്‍കിയ പെന്‍ഷന്‍ തുകയില്‍ നിന്ന് നൂറ് രൂപ വീതം സിപിഐയുടെ പേരില്‍ പ്രവര്‍ത്തനഫണ്ട് എന്ന രീതിയില്‍ ഈടാക്കിയത്. ബാക്കി തുക മാത്രമാണ് പെന്‍ഷനായി നല്‍കിയത്.
അഗസ്ത്യക്കോട് ലക്ഷ്മിഭവനില്‍ 65 വയസ്സുള്ള വനജ ഏഴ് വര്‍ഷമായി പക്ഷാഘാതം വന്ന് പൂര്‍ണമായി കാഴ്ച നഷ്ടപ്പെട്ട് കിടപ്പിലാണ്. ഇവര്‍ക്കു ലഭിച്ച രണ്ടുമാസത്തെ 2400 രൂപയില്‍ നിന്ന് നൂറു രൂപ എടുത്തശേഷം 2300 രൂപയാണ് നല്‍കിയതെന്ന് വനജയുടെ സഹോദരി പറഞ്ഞു. ആയിരത്തി ഇരുനൂറു രൂപ പെന്‍ഷന്‍ കിട്ടിയതില്‍ നൂറു രൂപ പാര്‍ട്ടി ഫണ്ടായി വാങ്ങിയിട്ട് ബാക്കി തുകയായ 1100 രൂപയേ നല്‍കിയുള്ളൂ എന്ന് അഗസ്ത്യക്കോട് സ്വദേശി വര്‍ഗീസും പറഞ്ഞു.
കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി പെന്‍ഷന്‍ നല്‍കണമെന്നുള്ള വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് കോളേജ് വാര്‍ഡില്‍ അങ്കണവാടിയില്‍ വച്ചുള്ള പെന്‍ഷന്‍ വിതരണം. നിരവധി രോഗികളെ ഇത്തരത്തില്‍ സിപിഐ മെമ്പറും സിപിഐ നേതാക്കളും ചേര്‍ന്ന് വഞ്ചിച്ചു. ഒരു നേരത്തെ ആഹാരത്തിനോ അവശ്യമരുന്നിനോ ബുദ്ധിമുട്ടുന്ന പാവങ്ങളോടുള്ള വഞ്ചനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായി.
















