ബെംഗളൂരു: സ്വാമി വിശ്വപ്രസന്ന തീര്‍ഥ പേജാവര്‍ മഠാധിപതിയായി. ഉഡുപ്പി പേജാവര്‍ മഠാധിപതിയായിരുന്ന വിശ്വേശ തീര്‍ഥ സ്വാമി സമാധിയായതിനേത്തുടര്‍ന്നാണിത്. പേജാവര്‍ മഠം പരമ്പരയിലെ 35-ാമത്തെ ഋഷിവര്യനാണ് വിശ്വപ്രസന്ന.
1964 മാര്‍ച്ച് മൂന്നിന് ഹലയങ്ങടി പക്ഷിക്കെരെയില്‍ കൃഷ്ണഭട്ട് – യമുനാമ്മ ദമ്പതിമാരുടെ മകനായാണ് സ്വാമി വിശ്വപ്രസന്ന തീര്‍ഥയുടെ ജനനം. ദേവീദാസ് ഭട്ട് എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. ശിവാലി മാധ്വ ബ്രാഹ്മണ കുടുംബാംഗമാണ്. 1988ല്‍ 24-ാം വയസ്സിലാണ് സന്ന്യാസം സ്വീകരിച്ചത്.
അദ്മര്‍ ഗുരുകുലത്തില്‍ വേദപഠനം നടത്തിയ വിശ്വപ്രസന്ന തീര്‍ഥ ഉഡുപ്പി പൂര്‍ണപ്രജ്ഞ കോളേജില്‍നിന്ന് ബിരുദവും കരസ്ഥമാക്കി. കന്നഡ, തുളു, ഹിന്ദി, സംസ്‌കൃതം, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളും സ്വാമി വിശ്വപ്രസന്ന തീര്‍ഥ അനായാസമായി കൈകാര്യം ചെയ്യും. ഇതോടൊപ്പം അദ്ദേഹം യോഗയിലും നീന്തലിലും പ്രഗത്ഭനാണ്. ‘ആചാര വിചാര’ എന്ന പേരില്‍ മാസികയും പ്രസിദ്ധീകരിക്കുന്നു. സ്വാമിയുടെ ഉഡുപ്പിക്കു സമീപം കടവൂരിലുള്ള ഗോശാലയില്‍ 2000 പശുക്കളെയും പരിപാലിക്കുന്നുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യപകര്‍ന്ന് കൊടുക്കുന്നതിനായി നീലവാരയില്‍ ഒരു വിദ്യാലയവും നടത്തുന്നു.
















