കണ്ണൂര്‍: കണ്ണൂരിനെ സംബന്ധിച്ച് പുതിയ വര്‍ഷം ഒരേസമയം പ്രതീക്ഷകളുടേതും ആശങ്കകളുടേതുമാണ്. വന്‍ വികസന സാധ്യതകള്‍ ജില്ലയുടെ മുന്നില്‍ തുറന്നിട്ടുകൊണ്ട് യാഥാര്‍ത്ഥ്യമായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വികസന രംഗത്തുണ്ടാക്കിയ മാറ്റങ്ങളും ഒപ്പം വിമാനത്താവളവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിരവധി വിവാദങ്ങളടക്കം നിരവധി സംഭവങ്ങള്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ആശങ്കകള്‍ക്കൊപ്പം പ്രതീക്ഷയുടെ പുതുനാമ്പുകളും തുറക്കുന്നു.
അധികാരത്തിന്റെ തണലില്‍ എല്ലാകാലത്തേയും പോലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തങ്ങളുടെ അസഹിഷ്ണുത ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന പോയ വര്‍ഷത്തിലും പല വിഷയങ്ങളിലും എടുത്ത നിലപാടുകളിലൂടേയും പ്രവര്‍ത്തികളിലൂടെയും തെളിയിക്കപ്പെട്ടു. പാര്‍ട്ടി ഭരിക്കുന്ന നഗരസഭയുടെ കടുത്ത അനാസ്ഥ കാരണം പ്രവാസി വ്യവസായി ആത്മഹത്യചെയ്ത സംഭവം മുതല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ സംസ്ഥാന ഗവര്‍ണറായ ആരീഫ് മുഹമ്മദ്ഖാനെതിരെ നടന്ന അതിക്രമങ്ങളടക്കമുളള സംഭവവികാസങ്ങള്‍ സിപിഎം അസഹിഷ്ണുതയുടെ നേര്ദൃഷ്ടാന്തങ്ങളായി പോയവര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.
കേന്ദ്രത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തിയ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാരില്‍ ജില്ലയില്‍ നിന്ന് കേന്ദ്രമന്ത്രിയെ ലഭിച്ചതടക്കം നിരവധി നേട്ടങ്ങള്‍ പോയ വര്‍ഷം എടുത്തു പറയാവുന്നതാണ്. തലശ്ശേരി സ്വദേശിയായ വി.മുരളീധരന് കേന്ദ്രമന്ത്രിയായത് കണ്ണൂരിന് അംഗീകാരമായി.
പോയവര്‍ഷം ഏകദേശം 12 ലക്ഷത്തോളം യാത്രക്കാര്‍ കണ്ണൂര്‍ വിമാനത്താവളം ഉപയോഗപ്പെടുത്തി. കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥ നിയമനങ്ങള്‍, സിഎജി ഓഡിറ്റ് തടഞ്ഞ കിയാല്‍ നടപടിയടക്കം വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചു. ഗെയില്‍ പൈപ്പ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. പുതുവര്‍ഷാരംഭത്തില്‍ തന്നെ ഗ്യാസ് വിതരണം സാധ്യമാകുമെന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച പ്രവര്‍ത്തനത്തിന്റെ വിജയമായി. ഇരിട്ടി താലൂക്കിലെ പടിയൂര്‍ പഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രത്തിന്റെ തറക്കല്ലിട്ടത് ജില്ലയെ സംബന്ധിച്ച് എടുത്തു പറയത്തക്ക നേട്ടമായി. കണ്ണൂര്‍ നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി കോര്പ്പറേഷന് പരിധിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നുവെന്നത് മറ്റൊരു ഡിസംബര്‍ കൂടി കടന്നുപോകുമ്പോള്‍ കണ്ണൂര്‍ കോര്പ്പറേഷന് പരിധിയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.
കഴിഞ്ഞ കാലങ്ങളിലേതുപോലെ അഴീക്കല്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകളും യോഗങ്ങളും നടന്നതെല്ലാതെ ചരക്കു ഗതാഗതം ആരംഭിക്കുന്ന കാര്യത്തിലടക്കം ഒരു പുരോഗതിയും കഴിഞ്ഞ 12 മാസക്കാലത്തിനിടയില്‍ ഉണ്ടായില്ല. ദേശീയപാത അതോറിറ്റിയുടേയും കേന്ദ്രഗവണ്മെന്റിന്റെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് കണ്ണൂര്‍-മാഹി ബൈപ്പാസിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലായി. കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കണ്ണൂര്‍ സിറ്റി ഇംപ്രൂവ്മെന്റ് റോഡ് പദ്ധതിയില്‍ 760 കോടി രൂപയുടെ അംഗീകാരം ലഭിച്ചെങ്കിലും പ്രവര്‍ത്തികള്‍ എന്നാരംഭിക്കും. കാലങ്ങളായി തുടരുന്ന കുരുക്കിനെന്ന് പരിഹാരം കാണാനാവുമെന്ന് അധികൃതര്‍ക്ക് പോയ വര്‍ഷവും വ്യക്തമാക്കാന്‍ കഴിഞ്ഞില്ല.
രാഷ്ട്രീയ-ഭരണ രംഗത്ത് നിരവധി മാറ്റങ്ങള്‍ക്ക് പോയ വര്‍ഷം ജില്ല സാക്ഷ്യം വഹിച്ചു. സിപിഎം-കോണ്‍ഗ്രസ് കക്ഷികളുടെ വികസനവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് മുന്‍ കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന അബ്ദുളളക്കുട്ടി നരേന്ദ്രമോദിയുടെ വികസനനയങ്ങളെ പുകഴ്ത്തി ബിജെപിയില്‍ ചേര്‍ന്നതും പാര്‍ട്ടിയുടെ സംസ്ഥാന വൈസ്പ്രസിഡണ്ടായതും 2019ല്‍ ശ്രദ്ധിക്കപ്പെട്ടു. പാര്‍ട്ടിയില്‍ ഏകാധിപതിയെപ്പോലെ വാണ പി. ജയരാജന് സിപിഎമ്മിനകത്ത് രൂപം കൊണ്ട ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരില്‍ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടതും ഏറെ ചര്‍ച്ചകള്‍ക്ക് ഇടനല്കി. കോണ്‍ഗ്രസ് വിമതന്റെ സഹായത്തോടെ ഭരണം നടത്തിയ കണ്ണൂര്‍ കോര്പ്പറേഷന് ഇടതുമുന്നണിയ്ക്ക് നഷ്ടമായത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. തലശ്ശേരിയില്‍ നഗരമധ്യത്തില്‍ മുന്‍ സിപിഎം യുവനേതാവ് സി.ഒ.ടി. നസീറിനെ സ്വന്തം പാര്ട്ടിക്കാര് തന്നെ വധിക്കാന്‍ ശ്രമിച്ച സംഭവവും ഏറെ വിവാദമായി. അക്രമത്തിന് പിന്നില്‍ സിപിഎം നേതാവും എംഎല്‍എയുമായി എ.എന്‍. ഷംസീറാണെന്ന ആണെന്ന് നസിര്‍ തന്നെ ആരോപിച്ചത് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുകയും സിപിഎം പ്രതികൂട്ടിലാവുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പല ബൂത്തുകളിലും സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കള്ളവോട്ട് നടത്തിയതായ കണ്ടെത്തിയ സംഭവങ്ങള്‍ ദേശീയതലത്തിലടക്കം ചര്‍ച്ച ചെയ്യപ്പെട്ടു. ചില ബൂത്തുകളില്‍ ഇതിന്റെ പേരില്‍ റീപോളിംഗ് നടന്നതും ചരിത്രമായി.
പ്രമുഖ പ്രവാസി വ്യവസായി സാജന് പാറയില്‍ ആത്മഹത്യചെയ്ത സംഭവം പോയവര്‍ഷം കണ്ണൂരില്‍ മാത്രമല്ല സംസ്ഥാനത്താകമാനം ചര്‍ച്ചയായി. ആന്തൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മ്മിച്ച തന്റെ പാര്‍ഥ കണ്വെന്ഷന് സെന്ററിന് നഗരസഭയുടെ അനുമതി ലഭിക്കാത്തതിന്റെ പേരില്‍ സാജന് പാറയില്‍ ആത്മഹത്യചെയ്യുകയായിരുന്നു. അനുമതി നല്കാത്തത്തിനെ ചൊല്ലി സിപിഎമ്മിന് അകത്ത് നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമാവുകയും പരസ്യമായ പോരിലേക്കെത്തുകയും ചെയ്തു. സംഭവത്തില്‍ സിപിഎമ്മിനെതിരെ ജില്ലയ്ക്കകത്തും പുറത്തും ഏറെ പ്രതിഷേധങ്ങള്‍ അരങ്ങേറിയതും കടന്നു പോകുന്ന വര്‍ഷത്തിലാണ്.
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാ. റോബിന് വടക്കുംചേരിയെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചതും കലി തുളളിപെയ്ത കാലവര്‍ഷത്തില്‍ വെളളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം ജില്ലയിലെ പല ഭാഗങ്ങളിലും പ്രളയ സമാനമായ അന്തരീക്ഷം ഉണ്ടാവുകയും നിരവധി പേര്‍ക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ടതും പോയ വര്‍ഷത്തിലെ നടുക്കുന്ന ഓര്‍മ്മകളാണ്. പ്രമുഖ ഗാന്ധിയനായ കെ.പി.എ. റഹിം വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചതും ഫോക്ലോര് ഗവേഷകന് എം.വി. വിഷ്ണുനമ്പൂതിരി, മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസയടക്കമുളള നിരവധി പേരുടെ വേര്‍പാടും പോയ വര്‍ഷം ജില്ലയ്ക്ക് തീരാനഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: