തിരുവനന്തപുരം: സങ്കുചിതമായ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയാണ് കേരള നിയമസഭയില്‍ ഇപ്പോള്‍ ഈ പ്രമേയം കൊണ്ടു വന്നതെന്നും അല്ലാതെ രാഷ്‌ട്ര സ്‌നേഹമല്ല ഇതിന് പിന്നിലെന്നും മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചവരാണ് ഇപ്പോള്‍ ഈ വീരവാദം മുഴക്കുന്നത്. പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ, രാഷ്‌ട്രപതി വരെ ഒപ്പുവച്ച ഒരു നിയമത്തെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. അതിനാല്‍ ഈ പ്രമേയം ഭരണഘടനാ വിരുദ്ധമാണ്. നിയമത്തെ കുറിച്ച് നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണെന്നും ഒ. രാജഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ കൊണ്ടുവന്ന പ്രമേയത്തെ എതിര്‍ത്ത ഒ. രാജഗോപാല്‍ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും സഭയില്‍ വ്യക്തമാക്കി. അതേസമയം കേന്ദ്രം വിജ്ഞാപനം ഇറക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇത് ഒഴിവാക്കിയുള്ള പ്രമേയമാണ് നിയമസഭയില്‍ അവതരിപ്പിക്കുക. പ്രതിപക്ഷ ആവശ്യം പരിഗണിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആഗ്ലോ ഇന്ത്യന്‍ സംവരണം ഒഴിവാക്കിയുള്ള കേന്ദ്ര തീരുമാനത്തിനെതിരെയും സഭയില്‍ പ്രമേയം അവതരിപ്പിച്ചു. പട്ടിക ജാതി-പട്ടികവര്‍ഗ്ഗ സംവരണം നീട്ടുന്നതിനുള്ള പ്രമേയവും സഭ പസാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് സമ്മേളനം ചേരുന്നത്. പട്ടികജാതി പട്ടികവര്‍ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനുള്ള പ്രമേയം അംഗീകരിക്കുന്നതിന് കൂടി വേണ്ടിയാണ് സമ്മേളനം. സര്‍വ്വകക്ഷി യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
നിയമ ഭേദഗതിക്ക് എതിരെ സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ പ്രമേയം കൊണ്ട് വരും. പൗരത്വ നിയമ ഭേദഗതി കേന്ദ്രം പിന്‍വലിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വരുന്ന പ്രമേയം. അതേസമയം സമ്മേളനത്തിന് എതിരെ രാഷ്‌ട്രപതിയെ സമീപിക്കുമെന്ന് ബിജെപി അറിയിച്ചു.
പട്ടികജാതി-പട്ടികവര്‍ഗ സംവരണം പത്തുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിന് സംസ്ഥാനങ്ങളുടെ അംഗീകാരം കൂടി ആവശ്യമാണ്. ഇക്കാര്യത്തില്‍ ജനുവരി പത്തിന് മുമ്പ് തീരുമാനമെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതുവര്‍ഷത്തിന് മുമ്പ് തന്നെ സഭാ സമ്മേളനം വിളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
















