ന്യൂദല്‍ഹി: റഷ്യയിലെ മോസ്‌ക്കോയില്‍ നടന്ന ലോക റാപ്പിഡ് ചെസില്‍ ഇന്ത്യയുടെ കൊനേരു ഹംപി വനിതകളുടെ കിരീടം സ്വന്തമാക്കി. ചൈനയുടെ ലീ ടിങ്ജിയെ തോല്‍പ്പിച്ചാണ് ഹംപി കിരീടം നേടിയത്. പുരുഷ വിഭാഗത്തില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സണാണ് കിരീടം.
ഇതാദ്യമായാണ് ഹംപി ലോക റാപ്പിഡ് ചെസ് കിരീടം നേടുന്നത്. പന്ത്രണ്ട് റൗണ്ട് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ പതിമൂന്നാം സീഡായ ഹംപിയും ചൈനയുടെ ലീ ടിങ്ജിയും ഒമ്പത് പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പം നിന്നു. തുടര്‍ന്ന് നടന്ന ടൈബ്രേക്കര്‍ മത്സരത്തില്‍ ഹംപി ലീ ടിങ്ജിയെ പരാജയപ്പെടുത്തി. 12 റൗണ്ട് മത്സരത്തില്‍ ഹംപി ഏഴു വിജയവും നാലു സമനിലയും ഒരു തോല്‍വിയും ഏറ്റുവാങ്ങി. ആറാം റൗണ്ടില്‍ 24-ാം സീഡായ ബുള്‍മഗ ഐറീനയാണ് ഹംപിയെ തോല്‍പ്പിച്ചത്. എട്ടാം റൗണ്ടില്‍ ഒമ്പതാം റാങ്കുകാരിയായ ഡാഗ് നിഡിസ് നാനയെയും ഒമ്പതാം റൗണ്ടില്‍ ആറാം സീഡായ ടാനിനെയും കൊനേരു ഹംപി അട്ടിമറിച്ചു.
ഇത് എന്റെ ആദ്യ ലോക കിരീടമാണ്. ജയിക്കാനായതില്‍ സന്തോഷമുണ്ട്. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ കളിച്ചുതുടങ്ങിയപ്പോള്‍ കിരീടം നേടാനാകുമെന്ന് കരുതിയില്ല. അപ്രതീക്ഷിതമായ ഈ വിജയത്തില്‍ അതിയായ സന്തോഷമുണ്ട്, കൊനേരു ഹംപി പറഞ്ഞു.
















