ഇസ്ലാമാബാദ്: ക്രിക്കറ്റില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തണമെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ ജാവേദ് മിയാന്‍ദാദ്. ഒരു ദശാബ്ദത്തോളം ക്രിക്കറ്റില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ടീമാണ് പാക്കിസ്ഥാന്‍. ഇന്ത്യയുടെ കാര്യത്തിലും ഇത്തരമൊരു തീരുമാനം വേണമെന്നും പാക്കിസ്ഥാന്‍ ഐസിസിയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നതായും ജാവേദ് മിയാന്‍ദാദ് പറഞ്ഞു.
നേരത്തേ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍ എഹ്‌സാന്‍ മാണിയും സമാനരീതിയില്‍ ആരോപണവുമായി മുന്നോട്ടുവന്നിരുന്നു. പാക്കിസ്ഥാന്‍ ഇപ്പോള്‍ സുരക്ഷിത സ്ഥലമാണെന്നും ഇന്ത്യയിലാണ് പ്രശ്‌നമെന്നുമായിരുന്നു തിങ്കളാഴ്ച ഇയാള്‍ പറഞ്ഞിരുന്നത്. ഉടന്‍ ബിസിസി ഐ കണക്കിനു മറുപടികൊടുക്കുകയും ചെയ്തു. ‘സ്വന്തം രാജ്യത്തെ സുരക്ഷ ആദ്യം നോക്കു. ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം’ എന്നുമായിരുന്നു ബിസിസി ഐ ചെയര്‍മാന്‍ മഹിം വെര്‍മ പറഞ്ഞത്.
ഹിന്ദുമത വിശ്വാസിയായതിനാല്‍ പാക്ക് ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളില്‍ നിന്ന് ഡിനിഷ് കനേരിയയ്‌ക്ക് വിവേചനം നേരിടേണ്ടി വന്നെന്ന ഷൊയ്ബ് അക്തറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തന്റെ ജീവിതം നല്ല രീതിയിലല്ല ഇപ്പോള്‍ പോകുന്നതെന്ന തുറന്നു പറച്ചിലുമായി കനേരിയ തന്നെ രംഗത്തുവന്നിരുന്നു. വിഷയത്തില്‍ ഇടപെടമെന്നും സഹായിക്കണമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേട് കനേരിയ അഭ്യര്‍ഥിക്കുകയും ചെയ്തു. പല തവണയായി പാക്കിസ്ഥാനിലും ലോകത്തിലുമുള്ള പലരെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സമീപിച്ചിരുന്നു. ആരില്‍നിന്നും സഹായം ലഭിച്ചിട്ടില്ല. ജീവിതം ശരിയായ രീതിയിലല്ല പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ക്രിക്കറ്റ് താരം എന്ന നിലയില്‍ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്. സമൂഹത്തിലെ ചിലര്‍ എതിര്‍ക്കുന്നുണ്ട്. പക്ഷേ എന്നെ ഇഷ്ടപ്പെടുന്നവരുടെ മുന്നില്‍ അതു നിലനില്‍ക്കില്ല. എതിര്‍പ്പുകളെല്ലാം തള്ളി ജീവിതത്തില്‍ പോസിറ്റീവായിരിക്കുമെന്നും കനേരിയ പ്രതികരിച്ചു.
















