തിരുവനന്തപുരം: കേരളം ആദ്യമായി വേദിയൊരുക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ മികവ് തെളിയിക്കാൻ എത്തുന്നത് കേരളത്തിന്റെ 16 കുരുന്നുകൾ. 10 മുതൽ 14 വയസു വരെയുള്ള ജൂനിയർ വിഭാഗത്തിൽ ആറ് കുട്ടികളും 14 മുതൽ 17 വയസുവരെയുള്ള സീനിയർ വിഭാഗത്തിൽ പത്ത് കുട്ടികളുമാണ് തങ്ങളുടെ പുത്തൻ ശാസ്ത്ര ആശയങ്ങളുമായി തലസ്ഥാനത്തെ ശാസ്ത്ര നഗരിയിൽ എത്തിയത്.
സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ വിജയികളായ 16 ടീമുകളെ പ്രതിനിധീകരിച്ചാണ് 16 കുട്ടികൾ ദേശീയ കോൺഗ്രസിനെത്തിയത്. അധ്യാപകരായ ശരത്, നളിനി, സിന്ധു എന്നിവരാണ് കേരളത്തിന്റെ കുട്ടി ശാസ്ത്രജ്ഞരെ നയിക്കുന്നത്.
‘ശാസ്ത്രവും സാങ്കേതികവും നവീകരണവും; ഹരിത, ശുചിത്വ ആരോഗ്യകരമായ രാജ്യത്തിന്’ എന്നതാണ് 27-ാമത് ബാലശാസ്ത്ര കോൺഗ്രസിന്റെ വിഷയം. ഇതിനെ അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകളും പഠനങ്ങളുമാണ് വിദ്യാർത്ഥികളെ ദേശീയതലത്തിൽ എത്തിച്ചത്.
പ്രകൃതിക്കിണങ്ങുന്ന രീതിയിൽ മാലിന്യങ്ങളിൽ നിന്ന് സാനിറ്ററി നാപ്കിൻ നിർമാണാവും മണ്ണിന് ദോഷം ചെയ്യുന്ന ആസിഡുകൾ റബ്ബർ ഷീറ്റ് നിർമ്മാണത്തിന് ഒഴിവാക്കിക്കൊണ്ടുള്ള ബദൽ മാർഗങ്ങളും പ്ലാസ്റ്റിക് കവറുകൾക്ക് പകരം ഖാദി അഗ്രോ ബാഗുകളുടെ നിർമാണവും തുടങ്ങി നൂതന ആശയങ്ങളുമായാണ് കേരളത്തിന്റെ സംഘം ശാസ്ത്ര കോൺഗ്രസിന് എത്തിയിരിക്കുന്നതത്.
















