സൂറത്ത്: രഞ്ജി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കരുത്തരായ ഗുജറാത്തിനോട് 90 റണ്‍സിനാണ് കേരളം തോല്‍വി വഴങ്ങിയത്. 268 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കേരളം 177 റണ്‍സിന് പുറത്തായി. ഇതോടെ ആദ്യ മത്സരത്തില്‍ ലഭിച്ച മൂന്നു പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് കേരളം. ബൗളര്‍മാരെ കൂടുതല്‍ തുണച്ച പിച്ചില്‍ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഗുജറാത്ത് നേടിയ ലീഡാണ് മത്സരത്തില്‍ നിര്‍ണായകമായത്. രണ്ടാം ഇന്നിങ്‌സിലും ഗുജറാത്ത് ഇരുന്നൂറ് കടന്നതോടെ കേരളത്തിന്റെ ലക്ഷ്യം അകന്നിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിനായി സഞ്ജു സാംസണ്‍ നേടിയ അര്‍ധസെഞ്ചുറിയാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. സഞ്ജു 82 പന്തില്‍നിന്ന് 78 റണ്‍സ് നേടി. കേരളത്തിനായി തുടക്കത്തില്‍ ഭേദപ്പെട്ട പ്രകടനമാണ് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ പുറത്തെടുത്തത്. ഓപ്പണര്‍മാരായ വിഷ്ണു വിനോദും ജലജ് സക്‌സേനയും 23, 29 വീതം റണ്‍സ് നേടി ലക്ഷ്യത്തിലേക്കെത്തിക്കുമെന്ന് തോന്നിച്ചു.
എന്നാല്‍ മധ്യനിരയില്‍ സഞ്ജുവിന് പുറമെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. കെ.എസ്. മോനിഷ് (ഏഴ്), റോബിന്‍ ഉത്തപ്പ (ഏഴ്), സച്ചിന്‍ ബേബി (11), പി. രാഹുല്‍ (അഞ്ച്) എന്നിവരെല്ലാം വന്നപോലെ മടങ്ങി. ഗുജറാത്തിനായി അക്‌സര്‍ പട്ടേല്‍ നടത്തിയ മികച്ച ബൗളിങ് പ്രകടനമാണ് കേരളത്തിന്റെ നടുവൊടിച്ചത്. അക്‌സര്‍ നാല് വിക്കറ്റ് വീഴ്‌ത്തി. സഞ്ജുവിന്റെയും ഉത്തപ്പയുടെയും അടക്കം പ്രധാനപ്പെട്ട വിക്കറ്റുകള്‍ അക്‌സര്‍ വീഴ്‌ത്തുകയായിരുന്നു. ഫാസ്റ്റ് ബൗളര്‍മാരായ ചിന്ദന്‍ ഗാജ മൂന്ന് വിക്കറ്റും ആര്‍.ബി. കലേരിയ രണ്ടും വിക്കറ്റ് വീഴ്‌ത്തി.
















