തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും അച്ചടി സംബന്ധിച്ച എല്ലാ ജോലികളും സര്‍ക്കാര്‍ പ്രസ്സുകളില്‍ മാത്രം നിര്‍വഹിക്കണമെന്ന നിയമം നില നില്‍ക്കെ അച്ചടി ജോലികള്‍ സ്വകാര്യ പ്രസുകളിലേക്ക്. ഇതിലൂടെ ഖജനാവില്‍ നിന്ന് ചോരുന്നത് കോടികള്‍.
അച്ചടി ജോലികള്‍ സര്‍ക്കാര്‍ പ്രസുകളില്‍ മാത്രമെ പാടുള്ളൂയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവ് ഇറക്കിയിട്ടും ജോലികള്‍ പുറത്ത് നല്‍കുന്നു.
നിയമം പാലിക്കപ്പെടുന്നില്ലെന്ന വിവരം ലഭിച്ചതോടെയാണ് 2017 ജൂലൈയില്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. അങ്ങനെ വേണ്ടി വന്നാല്‍ സര്‍ക്കാര്‍ പ്രസുകളിലെ സൂപ്രണ്ടുമാരുടെ അനുമതിയോടെ മാത്രമെ നല്‍കാവൂയെന്നും ഉത്തരവില്‍ പറയുന്നു.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നേട്ടങ്ങള്‍ വിവരിക്കുന്ന കൈപ്പുസ്തകങ്ങള്‍ നിലവില്‍ അച്ചടിക്കുന്നത് സ്വകാര്യ പ്രസുകളിലാണ്. കൃഷിവകുപ്പുമായി ബന്ധപ്പെട്ട, കര്‍ഷകര്‍ക്ക് കൊടുക്കുന്നതിനുള്ള ലക്ഷക്കണക്കിന് കൈപ്പുസ്തകങ്ങള്‍, വനം വകുപ്പുമായി ബന്ധപ്പെട്ടവ, മറ്റ് വകുപ്പുകളുടെ നേട്ടങ്ങള്‍ വിവരിച്ചുള്ള കൈപ്പുസ്തകങ്ങള്‍ തുടങ്ങിയവയുടെ അച്ചടിയും സ്വകാര്യ പ്രസുകളിലാണ്.
കരാര്‍ നല്‍കിയ കോപ്പികളില്‍ പകുതിയേ എത്താറുള്ളൂ. എന്നാല്‍, അനുമതി നല്‍കിയതിന്റെ മുഴുവന്‍ തുകയും നല്‍കും. പുറത്ത് നല്‍കുന്ന അച്ചടി ജോലികള്‍ക്ക് സര്‍ക്കാര്‍ പ്രസില്‍ അച്ചടിക്കുന്നതിനേക്കാള്‍ ഇരട്ടി തുകയാണ് നല്‍കുന്നത്. സ്വകാര്യ പ്രസുമായി ബന്ധപ്പെട്ട നിരവധി ഇടനിലക്കാരും സെക്രട്ടേറിയറ്റിലുണ്ടെന്നാണ് വിവരം.
സംസ്ഥാനത്തെ ഏതെങ്കിലും ഒരു പ്രസിന്റെ പേരില്‍ കരാറെടുത്ത ശേഷം ശിവകാശിയില്‍ കൊണ്ടുപോയി അച്ചടിക്കുകയാണ് പതിവ്. കഴിഞ്ഞ നവംബര്‍ 11ന് പബ്ലിക് റിലേഷന്‍സ് വകുപ്പുമായി ബന്ധപ്പെട്ട അച്ചടി ജോലികള്‍ ചെയ്യുന്നതിന് കരാര്‍ വിളിച്ചത് വിവാദമായിരുന്നു.
















