കൊല്ലം: ആരാധനാലയങ്ങളുടെ അധികഭൂമി പതിച്ചു നല്‍കുന്നതു സംബന്ധിച്ച് മന്ത്രിസഭ കൈക്കൊണ്ട തീരുമാനം ദുരുപദിഷ്ടവും നിയമവിരുദ്ധവുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എരുമേലിയില്‍ വളഞ്ഞവഴിയിലൂടെ വിമാനത്താവളം പണിയാനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം ആരോപിച്ചു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം.
എരുമേലിയില്‍ വിമാനത്താവളം വരുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളും കിംവദന്തികളും പരക്കുമ്പോഴാണ് ആരാധനാലയങ്ങളുടെ അധികഭൂമി പതിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നത്. കേരളത്തില്‍ പാട്ടക്കാലാവധി കഴിഞ്ഞ അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഇവിടെയുള്ളത്. ഇത്തരത്തില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് റവന്യൂ ഭൂമി പോലും അടിയറവച്ച സര്‍ക്കാര്‍ എന്തിനാണ് ക്ഷേത്രങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതെന്നും കുമ്മനം ചോദിച്ചു.
ക്ഷേത്രങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചു നല്‍കുകയാണ് വേണ്ടത്. ഇതുസംബന്ധിച്ച് രാജമാണിക്യം കമ്മീഷന്‍ അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഹൈക്കോടതി വിധികളുണ്ട്. ഒപ്പം ഇതേക്കുറിച്ച് അന്വേഷിച്ച വിവിധ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളുമുണ്ട്. അവ മുന്‍നിര്‍ത്തി ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞ് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ക്ഷേത്രങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് അതത് ക്ഷേത്രങ്ങള്‍ക്കും ദേവസ്വങ്ങള്‍ക്കും മടക്കി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം തിരുത്തിയില്ലെങ്കില്‍ ക്ഷേത്രവിശ്വാസികളായ ഭക്തരുടെ വലിയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങളുടെ ഭൂമി സംബന്ധിച്ച് നേരത്തെയുണ്ടായ വ്യക്തമായ മാര്‍ഗരേഖകള്‍, കോടതിവിധികള്‍ ഒക്കെ സര്‍ക്കാര്‍ കാറ്റില്‍പ്പറത്തുകയാണ്. ക്ഷേത്രഭൂമികളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ക്ഷേത്രഭൂമികള്‍ പലതും അന്യാധീനപ്പെട്ടുകഴിഞ്ഞു.
ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ക്ഷേത്രങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. കേണല്‍ മണ്‍റോ സായിപ്പിന്റെ കാലത്ത് ഏതാണ്ട് നാലു ലക്ഷം ഏക്കര്‍ ഭൂമി ദേവസ്വത്തിന് നഷ്ടപ്പെട്ടു. അതെല്ലാം റവന്യൂ ഭൂമിയായി കണക്കാക്കി. അതനുസരിച്ച് ഇന്ന് നാലര കോടി രൂപയെങ്കിലും ദേവസ്വത്തിന് നഷ്ടപരിഹാരമായി നല്‍കേണ്ടതാണ്. എന്നാല്‍ ക്ഷേത്രങ്ങള്‍ക്ക് അതൊന്നും നല്‍കുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.
















