ശ്ലോകം 20
ബ്രഹ്മ സത്യം ജഗന്‍ മിഥ്യേത്യേവംരൂപോ വിനിശ്ചിയഃ
സോ/യം നിത്യാനിത്യവസ്തവിവേകഃ സമുദാഹൃതഃ
ബ്രഹ്മം സത്യവും ജഗത്ത് മിഥ്യയുമാണ് എന്ന് ഉറപ്പിക്കണം. ഇതിനെയാണ് നിത്യാനിത്യ വസ്തുവിവേകം എന്ന് പറയുന്നത്.മൂന്ന് കാലത്തിലും ഒരു മാറ്റവുമില്ലാതെയിരിക്കുന്നതാണ് സത്യം. ‘കാലത്രയേപി തിഷ്ഠതി’ എന്നോ ‘ത്രികാല അബാധിത വസ്തു ‘എന്നോ പറയാം. ഭൂതകാലത്തും വര്‍ത്തമാനകാലത്തും ഭാവികാലത്തും ഒരു മാറ്റവുമില്ലാത്തത്. ബ്രഹ്മം മാത്രമാണ് സത്യം.
ബൃഹത്വാത്, ബൃഹത്തമ ത്താത്, ബൃംഹ്മ ത്വാത് ബ്രഹ്മം, വലുതായിരിക്കുന്നതു കൊണ്ട്, വലുതിലും വലുതായിരിക്കുന്നതു കൊണ്ട്, എങ്ങും വര്‍ദ്ധിച്ച് നിറഞ്ഞിരിക്കുന്നതു കൊണ്ട് ബ്രഹ്മം. എങ്ങും നിറഞ്ഞ് എല്ലാറ്റിന്റെയും ആധാരമായി ഏറ്റവും വലുതായിരിക്കുന്നതിനെയാണ് ബ്രഹ്മം എന്ന് വിളിക്കുന്നത്. ഇതിനൊരിക്കലും ഒരു തരത്തിലുള്ള മാറ്റമില്ല. എന്നാല്‍ ഇതിന് നേരെ വിപരീതമാണ് ജഗത്ത്. ഇത് ഉണ്ടായി നിലനിന്ന് നശിക്കുന്നതാണ്. ‘ജായതി, ഗച്ഛതി, തിഷ്ഠതി ഇതി ജഗത്ത്’. ഉണ്ടായ എന്തും ഇല്ലാതെയാകും. ഉണ്ടാകലും നശിക്കുന്നതിനും ഇടയില്‍ അതിന് നിലനില്‍പ്പുണ്ട്. എന്നാല്‍ ഇത് വെറും തോന്നലാണ്. ഒരു നിശ്ചിത കാലം മുമ്പ് ഇല്ലാതിരുന്നത് ഭാവിയില്‍ ഇല്ലാത്തത് എങ്ങനെ ഇപ്പോള്‍ ഉണ്ടാകും. ഇനി അത് ഉണ്ടെന്ന് പറഞ്ഞാല്‍ അത് തോന്നലാണ്. ഉള്ളതുപോലെ തോന്നിക്കുന്നതിനെയാണ് മിഥ്യ എന്ന് പറയുന്നത്.വാസ്തവത്തില്‍ ഉണ്‍മയില്ലാത്തത് അതിനെയാണ് മിഥ്യ എന്നു വിളിക്കുന്നത്.ഈ ജഗത്ത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ്. അതിന് സ്ഥിരമായ ഉണ്‍മയില്ല.അതുകൊണ്ടാണ് ജഗത്തിനെ മിഥ്യയെന്ന് ഉറപ്പിക്കേണ്ടത്. ഇങ്ങനെ സത്യ വസ്തുവായ ബ്രഹ്മത്തേയും മിഥ്യയായ ജഗത്തിനേയും വേര്‍തിരിച്ച് അറിയുന്നതിനെയാണ് വിവേകം എന്ന് പറയുന്നത്.
ശ്ലോകം 21
തദ് വൈരാഗ്യം ജിഹാസാ യാ ദര്‍ശന ശ്രവണാദിഭിഃ
ദേഹാദി ബ്രഹ്മപര്യന്തേ ഹ്യനിത്യേ ഭോഗ്യവസ്തുനി
കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വയേയും ദേഹം മുതല്‍ ബ്രഹ്മം വരെയുള്ള അനിത്യങ്ങളായ സകല ഭോഗ്യവസ്തുക്കളേയും വെടിയാനുള്ള കഴിവാണ് വൈരാഗ്യം. ചില പാഠങ്ങളില്‍ ‘ജിഹാസാ ‘ എന്നതിന് പകരം ‘ജുഗുപ്‌സാ’എന്നാണ്. ജിഹാസാ എന്നാല്‍ വെടിയല്‍. ജുഗുപ്‌സാ എന്നാല്‍ അറപ്പും വെറുപ്പും ഉണ്ടാക്കുക. സുഖഭോഗവസ്തുക്കളൊക്കെ അനിത്യമാണെന്നറിഞ്ഞ് അവയെ അറപ്പോടെ തള്ളുക. സുഖാനുഭവങ്ങള്‍ക്ക് അനുകൂലങ്ങളായ സാഹചര്യങ്ങളേയോ ബാഹ്യവിഷയങ്ങളേയോ ഉപേക്ഷിക്കുന്നതല്ല വൈരാഗ്യം.ബാഹ്യ വിഷയങ്ങളുടെ പുറകെ പായാതെ മനസ്സ് സ്വസ്ഥമായി ഇരിക്കുകയാണ് വേണ്ടത്. വിവേക വിചാരത്തെ തുടര്‍ന്ന് വിഷയ ഭോഗങ്ങളില്‍ ഇത്രയൊക്കേ ഉള്ളൂ എന്ന് ബോധിക്കലാണ് വൈരാഗ്യം അഥവാ വിരക്തി. മനസ്സ് കാമ്യ വിഷയങ്ങള്‍ക്ക് പുറകെ പോകുന്നത് മൂന്ന് കാര്യങ്ങളുണ്ടെന്ന് തോന്നുമ്പോഴാണ്.–
1. സത്യത്വം വിഷയങ്ങള്‍ സത്യമാണെന്ന തോന്നല്‍.
2. നിത്യത്വം വിഷയങ്ങള്‍ ശാശ്വതമാണെന്ന വിചാരം.
3. സമാഹിതത്വം സുഖേച്ഛയെ തൃപ്തിപ്പെടുത്താനുള്ള കഴിവ് വിഷയങ്ങള്‍ക്ക് ഉണ്ടെന്ന വിശ്വാസം.
എന്നാല്‍ ഇന്ദ്രിയ വിഷയങ്ങള്‍ക്കൊന്നിനും സത്യത്വമില്ലെന്നും അവ ക്ഷണികമാണെന്നും അറിയണം. എന്നും എപ്പോഴും സുഖം നല്‍കാന്‍ അവയ്‌ക്ക് കഴിയില്ല. പോരാത്തതിന് വിഷയങ്ങള്‍ക്ക് പുറകെ പോകുന്നത് ദു:ഖത്തിന് കാരണമാകും. ഇങ്ങനെ അറിയണമെങ്കില്‍ വിവേകം വേണം. വിവേകത്തോടെ വിചാരം ചെയ്താല്‍ വിഷയങ്ങളില്‍ ആസക്തിയുണ്ടാകില്ല. നമ്മുടെ ശരീരം ഉള്‍പ്പടെ എല്ലാ ശരീരങ്ങളും മലമൂത്രങ്ങളും ചോരയും ചലവുമൊക്കെ നിറഞ്ഞതാണെന്നും മനസ്സിലാക്കണം. നിന്ദ്യമായ വസ്തുക്കള്‍ ഭംഗിയായി തോല് കൊണ്ട് പൊതിഞ്ഞുവച്ച പൊതിയാണിത് എന്ന് ബോധ്യം വന്നാല്‍ ശരീരത്തോടുള്ള ആസക്തിയും അഭിമാനവും കുറയും. ഇതിന്റെ ഓരോ ദ്വാരത്തിലൂടെയും (നവ ദ്വാരങ്ങള്‍ ) പുറത്തു വരുന്നവ എത്രയോ നികൃഷ്ടം. ചെവിക്കായം, കണ്ണിലെ പീള, മൂക്കള, തുപ്പല്‍, വിയര്‍പ്പ്, മൂത്രം, മലം, ചോര, ചലം ഇവയില്‍ ഏതാണ് നല്ലത്. എല്ലാം നമുക്ക് തന്നെ അറപ്പ് ഉണ്ടാക്കുന്നവയാണ്. ഇവയെക്കുറിച്ച് വേണ്ട പോലെ വിവേകപൂര്‍വ്വം ചിന്തിച്ചാല്‍ വൈരാഗ്യം തന്നെ വരും. നമ്മുടെ ശരീരം തന്നെ നമുക്ക് അസഹ്യമാണ് അപ്പോള്‍ മറ്റുള്ളവരുടേത് പറയണോ. പിന്നെയെങ്ങനെ അവ ഭോഗവസ്തുവാകും. അവയില്‍ നിന്ന് കിട്ടുന്ന അനിത്യ സുഖങ്ങള്‍ക്ക് പിന്നാലെ പോകാതെ മനസ്സിനെ ഉത്കൃഷ്ടമായതിലേക്ക് ഉറപ്പിക്കാന്‍ വൈരാഗ്യം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക