ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ കലാപം അഴിച്ചുവിടാനുള്ള ശ്രമത്തിനിടെ ഡിവൈഫ്‌ഐ ദേശീയ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് അറസ്റ്റില്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയെന്ന പേരില്‍ ഉത്തര്‍പ്രദേശ് ഹൗസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് റിയാസ് അറസ്റ്റിലാകുന്നത്.
യു.പി. ഭവനിലേക്ക് കല്ലും വടികളുമായെത്തി വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള വിദ്യാര്‍ഥികളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. കലാപകാരികള്‍ അഴിഞ്ഞാടുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സീലാംപൂര്‍, യു.പി. ഭവന്‍, ജാഫ്രാബാദ് എന്നിവിടങ്ങളില്‍ പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാമിഅ മില്ലിയ സര്‍വകലാശാല സമര സമിതിയുടെ നേതൃത്വത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാറിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ യു.പി ഭവന്‍ ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ യു.പി ഭവന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും വിദ്യാര്‍ഥി ഉപരോധത്തിന് അനുമതി നിഷേധിക്കുകയുമായിരുന്നു. തുടര്‍ന്നാണ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. അറസ്റ്റ് ചെയ്ത റിയാസിനെ ഡല്‍ഹി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ജെഎന്‍യു, ഡല്‍ഹി യൂനിവേഴ്‌സിറ്റി, അംബേദ്കര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍നിന്നെല്ലാം യുപി ഭവനിലേക്ക് എത്തിയ സംഘങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















