ദോഹ: ആദ്യം ചാമ്പ്യന്‍സ് ലീഗ്, ഇപ്പോള്‍ ക്ലബ് ലോകകപ്പ്. പ്രീമീയിര്‍ ലീഗില്‍ ഫോട്ടോ ഫിനീഷില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ വാശി തീര്‍ക്കലാണ് ലിവര്‍പൂളിന് ഒരോ കിരീടനേട്ടവും. വലിയ താരങ്ങളിലല്ല, ചെറിയ താരങ്ങളുടെ വലിയ പ്രകടനത്തിലാണ് ലിവര്‍പൂളിന്റെ സന്തോഷം. യൂര്‍ഗന്‍ ക്ലോപ്പ് എന്ന പരിശീലകന്‍ ഇന്ന് ലിവര്‍പ്പൂളിന്റെ ആരാധ്യ പുരുഷനാണ്. ഒരു പക്ഷെ പൊന്നും വിലയുള്ള ആശാന്‍. തൊടുന്നതെല്ലാം പൊന്നാക്കി, ലിവര്‍പൂളിന്റെ സ്വന്തം ആന്‍ഫീല്‍ഡ് മൈതാനത്തെ വീണ്ടും കിരീടങ്ങളാല്‍ സമ്പന്നമാക്കുകയാണ് അയാള്‍. ഏറ്റവും ഒടുവില്‍ പറയാവുന്ന പൊന്‍തൂവലായി ക്ലബ് ലോകകപ്പും മാറിക്കഴിഞ്ഞു. ഇതാദ്യമായാണ് ലിവര്‍പൂള്‍ ക്ലബ് ലോകകപ്പ് നേടുന്നത്. കിരീടം നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബും.
ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മീനിയോ ആയിരുന്നു ഫ്‌ളെമെന്‍ഗോക്കെതിരായ ഫൈനലില്‍ സൂപ്പര്‍ താര പദവിയണിഞ്ഞത്. കളിയുടെ തുടക്കത്തില്‍, ആദ്യ സെക്കന്‍ഡുകളില്‍ തന്നെ ലഭിച്ച അവസരം ഫിര്‍മീനിയോ പാഴാക്കിയെങ്കിലും അവസാന മിനിറ്റില്‍ ഏക ഗോള്‍ നേടി വിജയശില്‍പ്പിയായി. ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തില്‍ തൊണ്ണൂറ് മിനിറ്റിന് ശേഷം ലഭിച്ച അധിക സമയത്തായിരുന്നു താരത്തിന്റെ മിന്നും ഗോള്‍.
ഫിര്‍മീനിയോയെ മുന്‍നിര്‍ത്തി കൃത്യമായ ഗെയിം പ്ലാനോടെയായിരുന്നു ലിവര്‍പൂളിന്റെ മുന്നേറ്റങ്ങള്‍. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ടീമില്‍ നിന്ന് വിട്ടുനിന്ന പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡിക്കും തിരിച്ചെത്തിയതോടെ പ്ലാനുകള്‍ കൃത്യമായി നിറവേറ്റാനുമായി. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായുടെ കാലുകളില്‍ കിട്ടുന്ന ഓരോ പന്തിനും 45,000 വരുന്ന കാണികള്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു. തുടക്കം മുതല്‍ ആക്രമണം നടത്തി ലിവര്‍പ്പൂള്‍. ആദ്യ പത്തു മിനിറ്റുകളില്‍തന്നെ അവസരങ്ങള്‍ പലകുറി തുറന്നു. ഒരു പരിധിവരെ ബ്രസീലിയന്‍ ക്ലബായ ഫ്‌ളെമെന്‍ഗോ പിടിച്ചുനിന്നതോടെയാണ് കളി തൊണ്ണൂറു മിനിറ്റുകളിലും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചത്.
















