കോട്ടയം: ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് ആവേശകരമായ ഫിനിഷിങിലേക്ക്. അവസാന റൗണ്ടായ പോപുലര്‍ റാലിയുടെ ആദ്യ ദിനം നിലവിലെ ചാമ്പ്യന്‍ ഗൗരവ് ഗില്ലിന്റെ പ്രകടനമായിരുന്നു ശ്രദ്ധേയം. ആറു സൂപ്പര്‍ സ്റ്റേജ് വിജയങ്ങള്‍ നേടിയാണ് മലയാളി നാവിഗേറ്റര്‍ മൂസ ഷരീഫിനൊപ്പം ഗില്‍ തിരിച്ചു വരവ് നടത്തിയത്. ഇന്നത്തെ രണ്ടു റൗണ്ടുകളില്‍ കൂടി ജയിച്ചാല്‍ ഗില്ലിന് ആകെ പോയിന്റ് 39 ആയി ഉയര്‍ത്താം. എന്നാല്‍ ഓവറോള്‍ കിരീട പോരില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള എംആര്‍എഫിന്റെ ചേതന്‍ ശിവറാമിനെ മറികടക്കാന്‍ ഗില്ലിന് കഴിയില്ല.
ഐഎന്‍ആര്‍സി-3 വിഭാഗത്തിലും മുന്നിലുള്ള ചേതന്‍ ശിവറാമിന് ഇന്നലെ അപകടത്തെ തുടര്‍ന്ന് ഒരുഘട്ടം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇന്നത്തെ രണ്ടു സ്റ്റേജുകളിലും മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കിരീടം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ചേതന്‍-അശ്വിന്‍ ടീം. നിലവില്‍ 75 പോയിന്റാണ് ടീമിനുള്ളത്. ഫാബിദ് അഹ്മറും ഡീന്‍ മസ്‌കരനാസും തൊട്ടുപിന്നി
ലുണ്ട്.
റേസ് കണ്‍സപ്റ്റ് മോട്ടോര്‍ സ്പോര്‍ട്സിന്റെ മലയാളി റേസര്‍ യൂനുസ് ഇല്യാസ്-ഹരീഷ് ഗൗഡ ടീമും ഡോ.ബിക്കു ബാബു-മിലന്‍ ജോര്‍ജ്ജ് സഖ്യവും രണ്ടു സ്റ്റേജുകളില്‍ വിജയം നേടി . മറ്റു സ്റ്റേജുകളില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടാനും ഈ ടീമുകള്‍ക്ക് കഴിഞ്ഞു. മലയാളി താരങ്ങളുടെ പ്രകടനം കാണികളെയും ആവേശഭരിതരാക്കി. ഐ.എന്‍.ആര്‍.സി-3 വിഭാഗത്തില്‍ ഫാബിദ് അഹ്മറിന് ചേതന്‍ ശിവറാമിന്റെ പിന്‍മാറ്റം തുണയായി. ഇന്നത്തെ രണ്ടു സ്റ്റേജുകളില്‍ മികവ് തുടര്‍ന്നാല്‍ ഫാബിദിന് കിരീടം നേടാം. ഐ.എന്‍.ആര്‍.സി-2 വിഭാഗത്തില്‍ ഡീന്‍ മസ്‌കരനാസും ഡോ ബിക്കു ബാബുവും തമ്മിലാണ് കിരീട പോര്.
















