കൊല്‍ക്കത്ത: ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ യുവതാരങ്ങളില്‍ ചിലരെ താരലേലത്തില്‍ ഐപിഎല്‍ ടീമുകള്‍ സ്വന്തമാക്കി. വിജയ് ഹാസാരെ ട്രോഫിയില്‍ മികവ് കാട്ടിയ യശ്വസി ജയ്‌സ്വാള്‍, കാര്‍ത്തിക് ത്യാഗി എന്നിവരെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.
2.4 കോടി രൂപയ്‌ക്കാണ് ജയ്‌സ്വാളിനെ രാജസ്ഥാന്‍ ലേലത്തില്‍ പിടിച്ചത്. കാര്‍ത്തിക് ത്യാഗിയെ 1.3 കോടിക്ക് സ്വന്തമാക്കി. ഇരുവരുടെയും അടിസ്ഥാന വില ഇരുപത് ലക്ഷമായിരുന്നു. രണ്ട് കളിക്കാരും ഉത്തര്‍പ്രദേശുകാരാണ്. അടുത്ത നാലോ അഞ്ചോ വര്‍ഷങ്ങളില്‍ ജയ്‌സ്വാളിനും ത്യാഗിക്കും ഞങ്ങള്‍ക്കായി ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്്ക്കാനാകുമെന്ന് രാജസ്ഥാന്‍ റോയല്‍സ് സഹ ഉടമ മനോജ് ബാദലേ പറഞ്ഞു.
യുവതാരങ്ങളായ പ്രിയം ഗാര്‍ഗിനും വിരാട് സിങ്ങിനും അടുത്ത ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചു. താരലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇരുവരെയും സ്വന്തമാക്കി.
1.9 കോടി വീതം നല്‍കിയാണ് സണ്‍റൈസേഴ്‌സ് ഗാര്‍ഗിനെയും വിരാട് സിങ്ങിനെയും ടീമിലെടുത്തത്. ഗാര്‍ഗിന്റെയും വിരാട് സിങ്ങിന്റെയും അടിസ്ഥാന വില ഇരുപത് ലക്ഷമായിരുന്നു. ജോധ്പൂരില്‍ നിന്നുള്ള ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയിയെ കിങ്‌സ് ഇലവന്‍ പഞ്ചാബ് റാഞ്ചി. ഇരുപത് ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന രവി ബിഷ്‌നോയിയെ രണ്ട് കോടിക്കാണ് പഞ്ചാബ് ലേലത്തില്‍ പിടിച്ചത്.
അണ്ടര്‍-19 ടീമില്‍ രവി ബിഷ്‌നോയിയുടെ സഹതാരവും മീഡിയം പേസറുമായ ആകാശ് സിങ്ങിനെഅടിസ്ഥാന വിലയായി ഇരുപത് ലക്ഷത്തിന് റോയല്‍സ് സ്വന്തമാക്കി. പ്രിയം ഗാര്‍ഗ്, രവി ബിഷ്‌നോയി, ആകാശ്, ജയ്‌സ്വാള്‍ എന്നിവര്‍ അടുത്ത വര്‍ഷത്തെ അണ്ടര്‍-19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ അംഗങ്ങളാണ്. ദക്ഷിണാഫ്രിക്കയിയില്‍ ജനുവരിയിലാണ് ലോകകപ്പ്.
















