ശബരിമല: സൂര്യഗ്രഹണ ദിവസമായ 26ന് ശബരിമല, പമ്പ ക്ഷേത്രങ്ങളില്‍ നാലു മണിക്കൂര്‍ നട അടച്ചിടും. സൂര്യഗ്രഹണത്തെ തുടര്‍ന്ന് രാവിലെ 7.30 മുതല്‍ 11.30 വരെയാണ് സന്നിധാനം, മാളികപ്പുറം, പമ്പ ഗണപതി ക്ഷേത്രത്തിലേയും നടകള്‍ അടച്ചിടുന്നത്. സന്നിധാനത്ത് പുലര്‍ച്ചെ മൂന്നിന് പതിവുപോലെ തുറക്കുന്ന നട ഏഴരയോടെ അടയ്‌ക്കും.
3.15 മുതല്‍ 6.45 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. ഉഷപൂജ കഴിച്ച് 7.30ന് നട അടയ്‌ക്കും. 26ന് രാവിലെ 8.06 മുതല്‍ 11.13 മണി വരെയാണ് ഗ്രഹണ സമയം. ഗ്രഹണം കഴിഞ്ഞ് 11.30ന് നട തുറക്കും. തുടര്‍ന്ന് പുണ്യാഹവും കലശാഭിഷേകവും. ഇതിന് ശേഷം ഒരു മണിക്കൂര്‍ നെയ്യഭിഷേകം തുടരും. കളഭാഭിഷേകത്തിന് ശേഷം ഉച്ച പൂജ. തുടര്‍ന്ന് നട അടയ്‌ക്കും.
വൈകിട്ട് 5.30ന് മണ്ഡല പൂജയ്‌ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കി സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ തിരുനടയിലെത്തി പ്രത്യേക ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് യാത്ര തിരിക്കും. ആറ് മണിയ്‌ക്ക് തങ്കയങ്കി ഘോഷയാത്രയ്‌ക്ക് ശരംകുത്തിയില്‍ സ്വീകരണം നല്‍കി ക്ഷേത്രത്തിലേക്ക് ആനയിക്കും. 6.25ന് പതിനെട്ടാം പടി കയറിയെത്തുന്ന തങ്കയങ്കി ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന.
















