കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് അടുത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ നാല് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കുഴിക്ക് സമീപം അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാതെയും ബാരിക്കേഡ് നിര്‍മിക്കാതെയും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ എറണാകുളം നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സൂസന്‍ സോളമന്‍ തോമസ്, നിരത്ത് വിഭാഗം എറണാകുളം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുര്‍ജിത് കെ.എന്‍, എറണാകുളം നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.പി. സൈനബ, എറണാകുളം നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ ദീപ ടി.കെ. എന്നിവരെയാണ് സര്‍വീസില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കിയത്.
സംഭവം വിശദമായി അന്വേഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (വിജിലന്‍സ്)നെ ചുമതലപ്പെടുത്തി. അതേസമയം, യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി, ജല അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘമെത്തി അടച്ചു. ഉദ്യോഗസ്ഥരുടെ നേര്‍ക്ക് വന്‍ ജനരോഷം ഉയര്‍ന്നതോടെയാണ് അടിയന്തരമായി കുഴിയടയ്‌ക്കാന്‍ തീരുമാനിച്ചത്.
മകന്റെ ദുരവസ്ഥ മറ്റാര്‍ക്കും ഉണ്ടാവരുത്: യദുവിന്റെ അച്ഛന്‍
കൊച്ചി: മകന്‍ കുഴിയില്‍ വീണ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ കോടതി ഇടപെട്ടതില്‍ സന്തോഷമുണ്ടെന്ന് യദുലാലിന്റെ അച്ഛന്‍ ലാലന്‍. മകനുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും അധികൃതരുടെ അനാസ്ഥയാണ് മകനെ മരണത്തിലേക്ക് നയിച്ചതെന്നും അച്ഛന്‍ പറഞ്ഞു. അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്നും അദ്ദേഹം പറഞ്ഞു.
















