ന്യൂദല്‍ഹി : നിര്‍ഭയ കൂട്ടബലാത്സംഗക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ വൈകിയേക്കും. ഇവരുടെ വധ ശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ മാറ്റിവെച്ചതോടെയാണ് വധശിക്ഷ നടപ്പാക്കാന്‍ വൈകുമെന്ന സൂചന ലഭിച്ചത്.
ഈ മാസം 18 ന് കേസ് വീണ്ടും പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിലെ നാല് പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ വധ ശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ മാസം 17 ന് ഈ ഹര്‍ജി പരിഗണിക്കും. സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് തുറന്ന കോടതിയിലായിരിക്കും ഹര്‍ജി പരിഗണിക്കുക. കേസിലെ മറ്റ് മൂന്ന് പ്രതികലും പുന പരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും അതും തള്ളുകയായിരുന്നു.
നിര്‍ഭയ കൊല്ലപ്പെട്ട ഡിസംബര്‍ 16നോ അതിന് മുമ്പോ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കുമെന്ന് വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും പ്രചരിച്ചിരുന്നു. തീഹാര്‍ ജയിലില്‍ കഴുമരം സ്ഥിതി ചെയ്യുന്ന മൂന്നാം ജയിലിന്റെ മരാമത്ത് പണികള്‍ പൂര്‍ത്തിയാക്കിയതോടെയാണ് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. വധശിക്ഷയുടെ ഡമ്മി ട്രയല്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കേസ് പരിഗണിക്കുന്ന സ്ഥിതിക്ക് വിധി നടപ്പാക്കല്‍ നീണ്ടു പോകാനാണ് സാധ്യത. അതേസമയം വിധി നടപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.
















