ന്യൂദല്‍ഹി : പൗരത്വ ബില്‍ പാസാക്കിയ പാസാക്കുന്നതില്‍ നേതൃത്വം വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും അഭിനന്ദനവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി. ബില്ല് പാസ്സാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ധീരമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്‍ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മതവിവേചനം നേരിട്ട് ഇന്ത്യയില്‍ എത്തുന്ന ഹിന്ദുക്കളെ നുഴഞ്ഞുകയറ്റക്കാരായി കാണരുതെന്നാണ് സംഘത്തിന്റെ എക്കാലത്തേയും നിലപാട് അവര്‍ അഭയാര്‍ത്ഥികളാണ്. ഇവര്‍ക്ക് ഇന്ത്യയില്‍ അന്തസ്സോടെ ജീവിക്കാന്‍ സാധിക്കണം. രാജ്യത്ത് മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന എല്ലാവിധത്തിലുമുള്ള അവകാശങ്ങള്‍ ഇവര്‍ക്കും ലഭിക്കണമെന്നും ഭയ്യാജി ജോഷി പറഞ്ഞു.
ഒരുപാട് കാലം കാത്തിരുന്ന ശേഷമാണ് ഇവര്‍ക്ക് പൗരത്വം ലഭിക്കുന്നത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ മത വിവേചനം മൂലം ഇന്ത്യയില്‍ എത്തിയ അഭയാര്‍ത്ഥികള്‍ക്ക് അന്തസ്സായ ജീവിതമാണ് ഈ ബില്ലിലൂടെ നല്‍കുക. ഇവരെ നുഴഞ്ഞുകയറ്റക്കാരായി കാണാതെ പൗരത്വം നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് ധീരമായ നടപടിയാണെന്നും ഭയ്യാജി ജോഷി കൂട്ടിച്ചേര്‍ത്തു.
















