ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹം റിസാറ്റ്-2ബിആര്‍1 വിജയകരമായി വിക്ഷേപിച്ചു. പിഎസ്എല്‍വി സി 48 റോക്കറ്റില്‍, വൈകിട്ട് 3.45 ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഇതിനൊപ്പം അമേരിക്ക, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ ഒന്‍പത് ചെറു ഉപഗ്രഹങ്ങളും ബഹിരാകാശത്ത് എത്തിച്ചു. പി
എസ്എല്‍വിയുടെ അന്‍പതാമത് വിക്ഷേപണമായിരുന്നു ഇന്നലത്തേത്. കുതിച്ചുയര്‍ന്ന് പതിനാറാം മിനിറ്റില്‍ 628 കിലോ ഭാരമുള്ള റിസാറ്റിനെ 576 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു. അടുത്ത അഞ്ചു മിനിറ്റിനുള്ളില്‍ ഒന്‍പത് ചെറു ഉപഗ്രങ്ങളെയും നിര്‍ദിഷ്ട പഥങ്ങളില്‍ കയറ്റിവിട്ടു. റഡാറിന്റെ സഹായത്തോടെ മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ്-2ബിആര്‍1. അതിനാല്‍ സൈനിക നിരീക്ഷണത്തിനും ഉപയോഗിക്കും.
റിസാറ്റ്-2ബിആര്‍1 ഉപഗ്രഹം വഹിച്ച് പിഎസ്എല്‍വി-സി48 റോക്കറ്റ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ലോഞ്ച്പാഡില്‍ നിന്ന് കുതിച്ചുയരുന്നു
















