ന്യൂദല്‍ഹി: ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിസിന് പുറമെ ബെഞ്ചില്‍ ജസ്റ്റിസ് മാരായ ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവര്‍ അംഗങ്ങള്‍. ശബരിമല പ്രവേശത്തിന് സംസ്ഥാനത്തിനോട് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്നാ ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാമെന്നാണ് കഴിഞ്ഞ ആഴ്ച എസ് എ ബോബ്‌ഡെ വ്യക്തമാക്കിയിരുന്നു. ഈ ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് തന്നെ പരിഗണിക്കണോ എന്ന കാര്യത്തില്‍ തീരുമാനമാനമാകും വെള്ളിയാഴ്ച കോടതി വ്യക്തമാക്കുക.
രഹ്മ ഫാത്തിമയ്‌ക്കു പുറമേ ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയും സമാനമായ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിക്ക് ഒപ്പം ബിന്ദു അമ്മിണിയുടെ അപേക്ഷയും വെളളിയാഴ്ച പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കിയിരുന്നു
അതേസമയം, ബിന്ദുവിന്റെ ഹര്‍ജി പരിഗണിക്കുന്ന സമയത്ത് ചില സുപ്രധാന നിരീക്ഷണങ്ങള്‍ ചീഫ് ജസ്റ്റിസ് നടത്തിയിരുന്നു. ശബരിമലയിലെ യുവതി പ്രവേശനവിധി അന്തിമമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്. 2018ല്‍ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അവസാനത്തേത് അല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ. വിധിയിലെ ചിലകാര്യങ്ങള്‍ പരിശോധിക്കുന്നതിന് വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തില്‍ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്നാണ് അദേഹം നിരീഷിച്ചത്. ബിന്ദു അമ്മിണിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ നിര്‍ണായകമായ ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വിശാല ബെഞ്ചിന് വിട്ടതല്ലേയെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ അദേഹം ചോദിച്ചു. ഒരോരുത്തരുടെയും ഹര്‍ജി ഒരോ ദിവസവും കേള്‍ക്കാനാവില്ലെന്നും അതിനാല്‍ രഹ്നഫാത്തിമ സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം ഇതും പരിഗണിക്കാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
അതേസമയം, ശബരിമലയില്‍ കയറാന്‍ പോലീസ് സംരക്ഷണം തേടി സുപ്രീംകോടതിയില്‍ ആക്ടീവിസ്റ്റ് രഹ്ന ഫാത്തിമ ഫയല്‍ ചെയ്ത ഹര്‍ജിക്കെതിരെ തടസ ഹര്‍ജി നല്‍കിയിരുന്നു. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭയാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി നല്‍കിയിരിക്കുന്നത്. ശബരിമല ആചാര സംരക്ഷണ സമിതിയും രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
















