ന്യൂദല്‍ഹി : യുഎന്‍ പുറത്തുവിട്ട വികസന സൂചികയില്‍(എച്ച്ഡിആര്‍) ഇന്ത്യ മുന്നോട്ട് വളര്‍ന്നതായി കണക്കുകള്‍. യുഎന്നിന്റെ മാനുഷിക വികസന സൂചികയിലാണ് ഇന്ത്യ മുന്നേറിയിട്ടുള്ളതായി കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തെ ദാരിദ്ര രേഖ സംബന്ധിച്ചുള്ള കണക്കുകളിലാണ് ഇതുസംബന്ധിച്ച് പ്രതിപാദിക്കുന്നത്. 189 രാജ്യങ്ങള്‍ ഉള്ളതില്‍ 129ാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. 130 ആയിരുന്നത് ഒരു സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ മുന്നോറിയിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്‌ച്ചയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയ്‌ക്ക് 0.647 പോയന്റാണ് ഈ റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. അതായത് എച്ച്ഡിആറില്‍ 50 ശതമാനം വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്. 2005-06 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 27.1 കോടിയാളുകള്‍ ദാരിദ്ര്യത്തില്‍നിന്നു കരകയറിയതായി യുഎന്‍ഡിപിയിലെ ഇന്ത്യന്‍ പ്രതിനിധി ഷോക്കോ നോഡ പറഞ്ഞു.
പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന, ആയുഷ്മാന്‍ ഭാരത് (ഇന്‍ഷുറന്‍സ് പദ്ധതി) തുടങ്ങിയ വികസനപദ്ധതികള്‍ മാനവിക വികസന സൂചിക ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി അവര്‍ പറഞ്ഞു. 1990 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ദക്ഷിണേഷ്യയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയ മേഖല, 46 ശതമാനം. കിഴക്കന്‍ ഏഷ്യയാണ് തൊട്ടുപുറകില്‍, 43 ശതമാനം.
നോര്‍വേ, സ്വിറ്റ്‌സര്‍ലാന്‍ഡ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്. ജര്‍മ്മനി നാലാം സ്ഥാനത്തും, ഹോങ്കോങ്, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്. എന്നാല്‍ അയല്‍ രാജ്യങ്ങളായ ചൈന 85ാം സ്ഥാനത്തും. ശ്രീലങ്ക 76, ഭൂട്ടാന്‍ 134, ബംഗ്ലാദേശ് 135, മ്യന്മാര്‍ 145, നേപ്പാള്‍ 147, പാക്കിസ്ഥാന്‍ 152, അഫ്ഗാനിസ്ഥാന്‍ 170 എന്നീ സ്ഥാനങ്ങളിലാണ് ഉള്ളത്.
















