കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തേര്‍വാഴ്ച തുടരുന്നു. ഇതിന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഒത്താശയുമുണ്ട്. സംസ്ഥാനത്തെങ്ങും അരാചകത്വവും അഴിമതിയും നിറയുന്നതിനിടെ, ഇതിനെ എതിര്‍ക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം അഴിച്ചു വിടുകയാണ്. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കാണ് അക്രമത്തില്‍ ഇന്ന് പരിക്കേറ്റത്.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുമ്പ് വടികളും കുപ്പികളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സുഹൃത്തുമായി വീടിന് പുറത്ത് സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതിനിടെ രണ്ട് കാറുകളിലായി എത്തിയ സംഘമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ അമിത് ഘോഷ് പറഞ്ഞു. യാതൊരു പ്രകോപനവും കൂടാതെ കാറില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് വടികളും ഹെല്‍മറ്റും കുപ്പികളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു എന്നും അമിത് വ്യക്തമാക്കി. മൂന്ന് പേരെയും വധിക്കുകയായിരുന്നു ആക്രമികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഏതാനും നാളുകളായി പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച നോര്‍ത്ത് പര്‍ഗാനിലുള്ള ബിജെപി ഓഫീസിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. കൂടാതെ ബിജെപി എംഎല്‍എയ്‌ക്കു നേരെ ബോംബ് എറിയുകയും ചെയ്തിരുന്നു.
















