ന്യൂദല്‍ഹി: റോഹിങ്ക്യ മുസ്ലീംമുകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന വിഷയം ഉദിക്കുന്നേയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. റോഹിങ്ക്യകള്‍ ഇന്ത്യയിലേക്ക് എത്തുന്നത് ബംഗ്ലാദേശ് വഴിയാണ്, മ്യാന്മാര്‍ മതനിരപേക്ഷ രാജ്യം ആണ്. അവര്‍ ബംഗ്ലാദേശ് വഴിയാണ് ഇവിടെ എത്തുന്നത്. റോഹിങ്ക്യകളെ കുറിച്ച് ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. റോഹിങ്ക്യകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന വിഷയം ഉദിക്കുന്നേയില്ലെന്ന് അദേഹം ലോകസഭയില്‍ പറഞ്ഞു.
ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്നും ഭയത്തിലാണെന്നുമാണ് പറയുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് ഒരു വിധത്തിലുള്ള ഭയവും ഇന്ത്യയില്‍ ഇല്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് നിങ്ങള്‍ പറഞ്ഞുപരത്തുന്ന വസ്തുതകള്‍ കൊണ്ടാവും. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് മോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം ഒരുവിധത്തിലുള്ള ആശങ്കയും വേണ്ടെന്നും അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്‍ 311 വോട്ടോടെയാണ് ലോക്സഭ പാസാക്കിയത്. 391 അംഗങ്ങള്‍ പങ്കെടുത്ത് വോട്ടെടുപ്പില്‍ 311 അംഗങ്ങള്‍ ബില്ലിനെ അനുകൂലിക്കുകയാണ് ഉണ്ടായത്. 80 പേര്‍ ബില്ലിനെ എതിര്‍ത്തു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്‍ പാസ്സായത്. ബില്ലിനെതിരെ പ്രതിപക്ഷം പൊള്ളയായ വാഗ്വാദങ്ങള്‍ ഉയര്‍ത്തിയെങ്കിലും ഭൂരിപക്ഷം ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ്, എന്‍സിപി സഖ്യത്തിനൊപ്പം നിന്ന ശിവസേനയും കേന്ദ്ര സര്‍ക്കാരിന്റെ ബില്ലില്‍ പിന്തുണയ്‌ക്കുകയാണ് ചെയ്തത്. ആ ന്ധ്ര വൈഎസ്ആര്‍ കോണ്‍ഗ്രസ്സും കേന്ദ്രത്തിന് പിന്തുണ നല്‍കി.
അതേസമയം ബില്ലില്‍ മുസ്ലിങ്ങളെന്ന പരാമര്‍ശം പോലുമില്ല. പൗരത്വ ബില്ലിന്റെ പേരില്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത് 371ാം അനുച്ഛേദത്തിന് ഒരു മാറ്റവും ഉണ്ടാകില്ല. ഇത് ഭരണഘടനാ വിരുദ്ധമല്ല. മുസ്ലിം സമുദായത്തിന് ഒരു തരത്തിലുള്ള ഭീഷണിയും ബില്ല് ഉണ്ടാക്കുന്നില്ലെന്നും ചര്‍ച്ചയ്‌ക്കിടെ ലീഗ് എംപി കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയ ചോദ്യത്തിന് അമിത് ഷാ മറുപടി നല്‍കി.
















