ന്യൂദല്‍ഹി : അയോധ്യ കേസില്‍ പുനഃപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ സുപ്രീംകോടതിയില്‍. ഇര്‍ഫാന്‍ ഹബീബ്, പ്രഭാത് പട്‌നായിക് എന്നിവരുള്‍പ്പെടെ 40 പേരടങ്ങുന്ന ഗവേഷകരും അധ്യാപകരും ചരിത്രകാരന്മാരുമാണ് പുന പരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്.
അയോധ്യ രാമന്റെ ജന്മഭൂമി ആയിരിക്കാം. എന്നാല്‍ ഇവിടെ ക്ഷേത്രം നിര്‍മിച്ചതിനുള്ള ചരിത്ര രേഖകള്‍ തെറ്റാണെന്നും ഒരു തെളിവും ഇല്ലെന്നാണ് കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ വാദിക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കും മതേതരത്വത്തിനും എതിരാണ് സുപ്രീം കോടതി വിധിയെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.
വിശ്വാസങ്ങളെ മാനിക്കുന്നു. ശ്രീരാമന്‍ ജനിച്ച സ്ഥലമാണ് അയോധ്യയെന്ന വാദത്തോട് വിയോജിപ്പില്ല. എന്നാല്‍ തര്‍ക്ക മന്ദിരത്തെ രാമജന്മഭൂമി സ്ഥാന്‍ എന്ന പേരില്‍ പരിഗണിക്കുന്നത് ചരിത്രപരമായി അംഗീകരിക്കാന്‍ ആകില്ലെന്നും അവര്‍ അറിയിച്ചു. രാമജന്മഭൂമി എന്നത് വെറും കെട്ടുകഥയാണ്. അവിടെ ഒരു ക്ഷേത്രം നിലനിന്നത് തെളിയിക്കുന്നതിനായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ അവശിഷ്ടങ്ങളും മറ്റും തെറ്റാണെന്നും അവര്‍ ആരോപിച്ചു.
ശ്രീരാമജന്മഭൂമിയാണ് അയോധ്യ എന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ ബാബറി മസ്ജിദ് പൊളിച്ച് കളഞ്ഞ് അതേ സ്ഥാനത്ത് തന്നെ മറ്റൊരു വിശ്വാസത്തിനായി പള്ളി പണിയുന്നത് ശരിയല്ലെന്നും പരാതിക്കാരനായ ഇര്‍ഫാന്‍ ഹബീബ് ഹര്‍ജിയില്‍ പറയുന്നുണ്ട്.
നവംബര്‍ 9നാണ് സുപ്രീംകോടതി അയോധ്യ കേസില്‍ വിധി പ്രസ്താവന നടത്തിയത്. രാമജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മിക്കാന്‍ സുപ്രീംകോടതി ഉത്തരവില്‍ അനുമതി നല്‍കിയിരുന്നു. ഒപ്പം പള്ളി പണിയുന്നതിനായി കേന്ദ്ര സര്‍ക്കാരിനോട് അഞ്ചേക്കര്‍ ഭൂമി നല്‍കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
















