ന്യൂദല്‍ഹി : സമഗ്രവും സമ്പന്നവുമായ ചര്‍ച്ചയ്‌ക്കൊടുവില്‍ പൗരത്വ ബില്‍ പാസ്സാക്കിയതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്ക് ഒടുവിലാണ് ബില്ല് പാസ്സായത്. നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ബില്‍ പാസാക്കാനായതില്‍ സന്തോഷമുണ്ടെന്നും മോദി ട്വീറ്ററിലൂടെ അറിയിച്ചു.
ബില്‍ പാസാക്കാനായതില്‍ അമിത് ഷായെ അഭിനന്ദിക്കുന്നതായും അനുകൂലിച്ച് വോട്ട് ചെയ്ത എംപിമാര്‍ക്ക് നന്ദി അറിയിക്കുന്നതായും മോദി അറിയിച്ചു.പൗരത്വ ബില്ലുമായി ബന്ധപ്പെട്ടുള്ള എല്ലാ വശങ്ങളെ കുറിച്ചും അദ്ദേഹം അംഗങ്ങള്‍ക്ക് കൃത്യമായി വിശദീകരിച്ച് നല്‍കി. എംപിമാരുടെ എല്ലാ വിധ സംശയങ്ങള്‍ക്കും അദ്ദേഹം അകറ്റിയെന്നും മോദി പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജ്യത്തിന്റെ ധാര്‍മ്മികതയുടെ സാംശീകരണത്തിനും മാനവിക മൂല്യങ്ങളിലെ വിശ്വാസത്തിനും അനുസൃതമായാണ് ഈ ബില്‍ നിലകൊള്ളുന്നത്.
80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് ലോക്സഭയില്‍ പാസായത്. ഇനി ബില്ല് രാജ്യസഭയുടെ പരിഗണനയക്ക് വിടും. രാജ്യസഭ പാസാക്കിയാല്‍ രാഷ്‌ട്രപതി ഒപ്പ് വെച്ചതിനുശേഷമാണ് ബില്‍ നിയമമാകുക.
















