ബെംഗളൂരു: ഇന്ത്യയുടെ ഏറ്റവും പുതിയ ചാര ഉപഗ്രഹം റിസാറ്റ് രണ്ട് ബിആര്‍ ഒന്ന് ഉള്‍പ്പെടെ പത്ത് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനൊരുങ്ങി രാജ്യത്തെ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ. നാളെ ഉച്ചകഴിഞ്ഞ് 3.25ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം.
പോളാര്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി സി 48ലാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക. 628 കിലോഗ്രാമാണ് റിസാറ്റ് രണ്ട് ബിആര്‍ ഒന്നിന്റെ ഭാരം. അഞ്ച് വര്‍ഷമാണ് ഇതിന്റെ ആയുസ്. 576 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുന്നത്. മറ്റ് ഒന്‍പത് ഉപഗ്രഹങ്ങളും വിദേശ രാജ്യങ്ങളുടേതാണ്. ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിദേശ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്.
അമേരിക്കയുടെ വിവിധോദ്യേശ്യ ഉപഗ്രഹം ലെമര്‍ നാല്, വിവരസാങ്കേതിക വിദ്യയ്‌ക്കായുള്ള തൈവാക്-0129, ഭൗമനിരീക്ഷണ ഉപഗ്രഹം ഒന്ന് ഹോപ്‌സാറ്റ്, ഇസ്രയേലിന്റെ ഡുച്ചിഫാറ്റ് മൂന്ന്, ഇറ്റലിയുടെ തൈവാക്-0092, ജപ്പാന്റെ ക്യുപിഎസ്-എസ്എആര്‍ തുടങ്ങി ഒന്‍പത് ഉപഗ്രഹങ്ങളാണ് റിസാറ്റ് രണ്ട് ബിആര്‍ ഒന്നിനോടൊപ്പം ബുധനാഴ്ച വിക്ഷേപിക്കുന്നത്. പിഎസ്എല്‍വി-ക്യുഎല്‍ റോക്കറ്റാണ് ഇവയെ വഹിക്കുന്നത്. വിക്ഷേപണം നടന്ന് 16 പതിനാറ് മിനിറ്റിനുള്ളില്‍ റിസാറ്റ് രണ്ട് ബിആര്‍ ഒന്ന് ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് മറ്റ് ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിക്കും. 21 മിനിറ്റില്‍ വിക്ഷേപണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
















