ന്യൂദല്‍ഹി: ഒരാളെ ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്താണ്? ബലാത്സംഗം ചെയ്യുമ്പോള്‍ പ്രതികളുടെ മാനസിക അവസ്ഥ എന്താണ്. ഇവര്‍ മനുഷ്യര്‍ തന്നെയാണോ? രാജ്യത്തുടനീളം ദിനംപ്രതി റിപ്പോര്‍ട്ടു ചെയ്യുന്ന ബലാത്സംഗക്കേസുകള്‍ അറിയുമ്പോള്‍ പലരുടേയും മനസിലുള്ള ചോദ്യങ്ങള്‍ ഇത്തരത്തിലാണ്. ഇതിനുള്ള ഉത്തരം തേടിയ ഗവേഷകയായ യുവതി കാര്യങ്ങള്‍ വിശദീകരിക്കുന്നു. യുകെയിലെ ആന്‍ഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷകയായ ഇന്ത്യക്കാരി മധുമിത പാണ്ഡെയാണ് തന്റെ പ്രബന്ധത്തിനു വേണ്ടി ബലാത്സംഗക്കേസുകളിലെ നൂറോളം പ്രതികളെ ജയിലില്‍ എത്തി ഇന്റര്‍വ്യൂ ചെയ്തത്. 22 വയസുള്ളപ്പോഴാണ് ആദ്യമായി തിഹാര്‍ ജയിലില്‍ ഇത്തരം കേസുകളിലെ പ്രതികളെ തേടി മധുമിത എത്തിയത്. മൂന്നു വര്‍ഷക്കാലയളവിലാണ് മധുമിത നൂറോളം പ്രതികളെ നേരില്‍ കണ്ട് സംസാരിച്ചത്.
തന്റെ ആദ്യ പ്രോജക്റ്റ് തന്നെ രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതികളുമായുള്ള ഇന്റര്‍വ്യൂ ആയിരുന്നു. 2013ല്‍ ആയിരുന്നു അത്. സിനിമ കഴിഞ്ഞ് സുഹൃത്തുമൊത്ത് ബസില്‍ സഞ്ചരിക്കവേ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ അതിക്രൂരമായാണു ബലാത്സംഗം ചെയ്തത്. പിന്നീട് ചികിത്സയില്‍ ഇരിക്കെ യുവതി മരണത്തിനു കീഴടങ്ങി. ബിരുദാനന്തബിരുദ പഠനവുമായി യുകെയില്‍ ആയിരുന്ന താനും നിര്‍ഭയ സംഭവവും ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭവും കണ്ടപ്പോള്‍ എല്ലാവരേയും പോലെ ചിന്തിച്ചത് ഇതായിരുന്നു, എന്തിന് വേണ്ടിയാണ് ഈ മനുഷ്യര്‍ ഇങ്ങനെ ചെയ്യുന്നത്. ഇവര്‍ ഭീകരര്‍ അല്ലേ, മനുഷ്യര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമോ?. താനും ഡല്‍ഹി സ്വദേശിനിയാണ്, എപ്പോഴാണ് ഡല്‍ഹി ഇത്തരത്തില്‍ മാറിയത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് ഗവേഷണത്തിന്റെ ഭാഗമായി നിര്‍ഭയ കേസ് പ്രതികളെ തേടി തിഹാര്‍ ജയിലില്‍ എത്തിയത്.
അവരുമായുള്ള കൂടിക്കാഴ്ചയില്‍ ഒരു കാര്യം മനസിലായി. പ്രതികളൊന്നും വിദ്യാഭ്യാസം നേടിയവരല്ല, ചിലര്‍ ഹൈസ്‌കൂളില്‍ പഠനം ഉപേക്ഷിച്ചവര്‍, ഭൂരിപക്ഷവും നാലാം ക്ലാസിനപ്പുറം പഠിച്ചിട്ടില്ല. ഇവരോട് കൂടുതല്‍ സംസാരിച്ചപ്പോള്‍ മനസിലായി, ഇവര്‍ ഭീകരരല്ല, മനുഷ്യര്‍ തന്നെ. പക്ഷേ പ്രതികളുടെ ചിന്താഗതിയാണു പ്രശ്‌നം. സ്ത്രീകളെ എത്തരത്തിലാണ് കാണുന്നതെന്ന് കുടുംബങ്ങളില്‍ നിന്നു തന്നെയാണ്. ഇന്ത്യന്‍ സമൂഹത്തില്‍ വിദ്യാഭ്യാസം നേടിയവരുടെ വീടുകളില്‍ പോലും അടുക്കളയില്‍ ഒതുങ്ങിക്കൂടുന്നവരാണ് സ്ത്രീകള്‍. സ്വതന്ത്രമായി സഞ്ചാരിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്ന സ്ത്രീകളോട് ഇത്തരം പ്രതികള്‍ക്കുള്ള മാനസികാവസ്ഥ വ്യത്യസ്തമാണ്. അതു ഉച്ചസ്ഥായിയില്‍ എത്തുന്നിടത്താണ് ബലാത്സംഗത്തിലേക്ക് വഴിമാറുന്നത്.
ഒരു ഉദാഹരണത്തിനായി പ്രതികളില്‍ ചിലരുടെ വീടുകളിലേക്ക് താന്‍ ഫോണ്‍ ചെയ്തു. ഇവരുടെ ഒന്നും വീടുകളില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് വിളിക്കാന്‍ പോലും സ്ത്രീകള്‍ തയാറാല്ല. ഇത്തരം വീടുകളിലെ ചില കുട്ടികളോട് ആരാഞ്ഞു, എന്താണ് അമ്മ അച്ഛനെ വിളിക്കുന്നതെന്ന്. മറുപടി ഇത്തരത്തിലായിരുന്നു. കേള്‍ക്കൂ, നോക്കൂ, റോനക്കിന്റെ (കുട്ടിയുടെ പേര്) അച്ഛാ എന്നിങ്ങനെ ആയിരുന്നു.
ആണത്വം, പുരുഷത്വം എന്നിവ സംബന്ധിച്ച വളരെ വികലായ ചിന്തകളാണ് ഇത്തരം കുടുംബങ്ങളില്‍ ഉണ്ടാകുന്നത്. ഇത്തരം വീടുകളിലെ സ്ത്രീകളും ഇതിനെ പിന്തുണച്ചു പോരുകയാണ്. അവിടങ്ങളില്‍ വളരുന്ന കുട്ടികളും ചിന്താഗതിയും വേറിട്ട അവസ്ഥയിലേക്ക് മാറുകയാണ്. ബലാത്സംഗം എന്നത് തങ്ങളുടെ അധികാരമായി ആണ് പ്രതികളില്‍ ഭൂരിഭാഗവും കരുതുന്നത്. താന്‍ ചെയ്തത് ബലാത്സംഗം ആണെന്ന് പോലും പവര്‍ക്കും അറിയില്ല. തനിക്ക് അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അധികാരം ഉണ്ടെന്നു കരുതുന്നവരും ധാരാളം. ബലാത്സംഗം ചെയ്താന്‍ അതിന്റെ ഭവിഷത്ത് എന്താണെന്നു പോലും വ്യക്തമായി അറിയാത്ത മാനസിക അവസ്ഥയാണ് പീഡകര്‍ക്കുള്ളത്.
അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടി പീഡിപ്പിച്ച പ്രതി അതിനെ പറ്റി പറഞ്ഞത് കേട്ടപ്പോള്‍ ശരിക്കും അമ്പരന്നു പോയി. അഞ്ചു വയസുകാരിയെ അങ്ങനെ ചെയതത് ശരിയല്ല, അവളുടെ ജീവിതം ഞാന്‍ നശിപ്പിച്ചു. അവളിപ്പോള്‍ കന്യകയല്ല. അവളെ ആരും വിവാഹം കഴിക്കില്ല, അവളെ ഞാന്‍ സ്വീകരിക്കും, ജയിലില്‍ നിന്നിറങ്ങിയാല്‍ ഞാന്‍ അവളെ വിവാഹം കഴിക്കുമെന്നായിരുന്നു ആ പ്രതിയുടെ മറുപടി. ഇതിലും തന്നെ ഞെട്ടിച്ചത് ആ അഞ്ചു വയസുകാരിയുടെ കുടുംബത്തെ കണ്ടപ്പോഴാണ്. മാതാപിതാക്കള്‍ ഇപ്പോഴും ആ കുട്ടിയെ അറിയിച്ചിട്ടില്ല തന്നെ ബലാത്സംഗം ചെയ്ത ആള്‍ ജിയലിലാണെന്ന്. ഇത്തരത്തിലാണ് ഇവരുടെ മനസ്ഥിതി. ഇതു മാറണമെങ്കില്‍ ലൈംഗികത സംബന്ധിച്ച നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് അപ്പാടെ മാറണമെന്നും മധുമിത. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ലൈംഗിതക കൂടി കരിക്കുലമാക്കണം. മാതാപിതാക്കള്‍ പോലും വീടുകളില്‍ ലൈംഗിക അവയവങ്ങളുടെ പേരുകളോ ബലാത്സംഗം, സെക്‌സ് എന്നീ വാക്കുകളോ ഉപയോഗിക്കാന്‍ പോലും മടിക്കുകയാണ്. ഇത്തരത്തിലെങ്കില്‍ നമ്മുടെ വീടുകളിലെ ആണ്‍കുട്ടികളെ എത്തത്തില്‍ ഇക്കാര്യങ്ങള്‍ പഠിപ്പിക്കാനാകുമെന്നും മധുമിത.
















