ഹൈദരാബാദ്: സ്വന്തം മണ്ണില്‍ ജൈത്രയാത്ര തുടരുന്ന ഇന്ത്യ മറ്റൊരു പരമ്പര കൂടി പോക്കറ്റിലാക്കാന്‍ ഇറങ്ങുന്നു. വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുള്ള ടി ട്വന്റി പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാജീവ് ഗാന്ധി ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രാത്രി 7ന് കളി തുടങ്ങും.
സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയേയും ബംഗ്ലാദേശിനേയും കെട്ടുകെട്ടിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ നിന്ന വിട്ടുനിന്ന നായകന്‍ കോഹ്‌ലി തിരിച്ചെത്തിയത് ടീമിനെ കൂടുതല്‍ ശക്തമാക്കി. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. പക്ഷെ സഞ്ജുവിന് അവസാന ഇലവനില്‍ സ്ഥാനം ലഭിക്കാനുളള സാധ്യത കുറവാണ്.
ഓപ്പണര്‍ ധവാന് പകരക്കാരനായാണ് സഞ്ജു ടീമിലെത്തിയത്. ധവാന്റെ അഭാവത്തില്‍ കെ.പി.രാഹുല്‍, രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഓസ്‌ട്രേലിയിലെ അടുത്ത ലോകകപ്പിന് മുമ്പ് കരുത്തരായ ടീമിനെ വാര്‍ത്തെടുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സഞ്ജു കളിക്കാനുള്ള സാധ്യത കുറവാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കും ബംഗ്ലാദേശിനും എതിരായ പരമ്പരകളില്‍ നിറം മങ്ങിയ ഋഷഭ് പന്ത് തന്നെ കീപ്പറാകും. പക്ഷെ ഇത്തവണ പ്രകടനം മോശമായാല്‍ അടുത്ത കളിയില്‍ പന്ത് പുറത്തിരിക്കേണ്ടിവരും. പന്തിനെ തഴഞ്ഞ സഞ്ജുവിന് കീപ്പറുടെ ഗ്ലൗസ് നല്‍കും.
സ്പിന്നര്‍ കുല്‍ദീപ് യാദവ്, പേസര്‍മാരായ മുഹമ്മദ് ഷമി, ഭുവനേശ്വര്‍കുമാര്‍ എന്നിവര്‍ ടീമിലേക്ക് മടങ്ങിവന്നിട്ടുണ്ട്. ഏറെ കാലത്തിനു ശേഷം സ്പിന്നര്‍മാരായ കുല്‍ദീപും യുസ്‌വേന്ദ്ര ചഹലും ഇന്നത്തെ മത്സരത്തില്‍ ഒന്നിച്ച് കളിക്കളത്തിലിറങ്ങും. പരിമിത ഓവര്‍ മത്സരങ്ങില്‍ ന്യൂസിലന്‍ഡിനെതിരെ ഈ വര്‍ഷം ഫെബ്രുവരിയിലാണ് കുല്‍ദീപും ചഹലും അവസാനമായി ഒന്നിച്ചിറങ്ങിയത്.
ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും തിരിച്ചെത്തിയതോടെ ഇന്ത്യന്‍ പേസ്‌നിര ശക്തമായി. 2017നുശേഷമാണ് ഷമി ടി ട്വന്റി ടീമില്‍ ഇടം നേടുന്നത്. ഈ വര്‍ഷം ആഗസ്റ്റില്‍ കരീബിയന്‍ മണ്ണില്‍ നടന്ന ട്വി ട്വന്റി മത്സരത്തിനുശേഷമാണ് ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തുന്നത്.
ആഗസ്റ്റില്‍ സ്വന്തം മണ്ണില്‍ ഇന്ത്യയോട് 3-0ന് പരമ്പര തോറ്റ വിന്‍ഡീസ് പ്രതികാരദാഹവുമായാണ് കളിക്കളത്തിലിറങ്ങുന്നത്. ഇന്ത്യയെ വീഴ്‌ത്തി പരമ്പര കീശയിലാക്കാനുള്ള ഒരുക്കത്തിലാണ് കീരണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന കരീബിയന്‍ പട. വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായ ക്രിസ് ഗെയില്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഇല്ലെങ്കിലും വിന്‍ഡീസ് മികച്ച ടീമാണ്. പന്ത് ചുരണ്ടിയതിന് നാലു മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നിക്കോളസ് പൂരനും ടീമിലില്ല. ഷിംറോണ്‍ ഹെറ്റ്മയറിലാണ് വിന്‍ഡീസിന്റെ പ്രതീക്ഷ.പരിചയ സമ്പന്നരായ കാര്‍ലോസ് ബ്രാത്ത് വെയ്റ്റ, ആന്ദ്രെ റസ്സല്‍, ഡ്വെയ്ന്‍ ബ്രാവോ എത്തിവര്‍ക്ക് പകരം യുവതാരങ്ങളായ ബ്രണ്ടന്‍ കിങ്, ഖാരി പിയറി, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, കെസറിക് വില്യംസ്, ഹൈഡന്‍ വാല്‍ഷ് ജൂനിയര്‍ എന്നിവര്‍ വിന്‍ഡീസ് ടീമില്‍ അണിനിരക്കും.
















