മക്കളേ,
പ്രത്യക്ഷത്തില്‍ ഒരുപോലെ തോന്നിക്കുന്ന രണ്ടു ഭാവങ്ങളാണ് സഹതാപവും കാരുണ്യവും. എന്നാല്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ അവ തമ്മില്‍ വളരെയേറെ അന്തരമുണ്ടെന്നു കാണാം. മറ്റൊരാളുടെ ദുഃഖം കാണുമ്പോള്‍ ഒരാളുടെ മനസ്സിലൂടെ കടന്നുപോകുന്ന ഒരു ക്ഷണികവികാരമാണ് സഹതാപം. അത് അയാളെ ആഴത്തില്‍ സ്പര്‍ശിക്കുകയോ കാര്യമായി സ്വാധീനിക്കുകയോ ചെയ്യുന്നില്ല. അയാള്‍ ദുഃഖിക്കുന്നയാളെ അന്യനെന്നപോലെയാണ് കാണുന്നത്. എന്നാല്‍ കാരുണ്യമെന്നത് മറ്റൊരാളുടെ ദുഃഖം സ്വന്തം ദുഃഖമായി അനുഭവിക്കുന്ന ഭാവമാണ്. അവിടെ അന്യത്വമില്ല. താദാത്മ്യവും ഏകത്വവുമാണുള്ളത്. ഇടതുകൈ മുറിഞ്ഞാല്‍ വലതുകൈ തലോടും. കാരണം ആ വേദന തന്റേതുതന്നെയാണ്.
ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിനോടു ചോദിച്ചു, ‘ഗുരോ, ശരിയായ കാരുണ്യം എന്താണ്?’ ഗുരു ശിഷ്യനെ ആശ്രമത്തിനു സമീപമുള്ള തെരുവിലേയ്‌ക്കു കൂട്ടിക്കൊണ്ടുപോയി. ശിഷ്യനോട് വഴിയരികിലിരുന്ന ഒരു യാചകനെ നിരീക്ഷിക്കുവാന്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞ് അതിലെ നടന്നുപോയ ഒരു പാവപ്പെട്ട വൃദ്ധ ആ യാചകനെ കണ്ട് ഒരു നാണയത്തുട്ട് അവന്റെ പിച്ചപാത്രത്തിലിട്ടു. അല്പം കഴിഞ്ഞ്, ഒരു ധനികന്‍, യാചകന്റെ സമീപത്ത് ആള്‍ക്കൂട്ടമുള്ളപ്പോള്‍ അയാള്‍ക്കു അമ്പതു രൂപ നല്കിയിട്ട് ചുറ്റുമൊന്നുനോക്കി നടന്നുപോയി. പിന്നീട് ഒരു കുട്ടി അതിലെ കടന്നുപോയി. അവന്‍ യാചകനെ നോക്കി സ്‌നേഹപൂര്‍വ്വം പുഞ്ചിരിച്ചു. കുട്ടി യാചകന്റെ അടുത്തുചെന്ന് സ്വന്തം ജ്യേഷ്ഠസഹോദരനോട് എന്നപോലെ കുറച്ചുനേരം സംസാരിച്ചു. യാചകന് സന്തോഷമായി. ഇതുകണ്ട് ഗുരു ശിഷ്യനോടു ചോദിച്ചു, ‘ഈ മൂന്നു പേരില്‍ ആര്‍ക്കാണ് യാചകനോട് യഥാര്‍ത്ഥത്തില്‍ കാരുണ്യമുള്ളത്?’ ശിഷ്യന്‍ പറഞ്ഞു, ‘ധനികന്’. ഗുരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ആ ധനികന് യാചകനോട് അല്പംപോലും സഹതാപമോ കാരുണ്യമോ ഉണ്ടായിരുന്നില്ല. തന്റെ ഉദാരശീലം നാലുപേരെ അറിയിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് അയാള്‍ക്കുണ്ടായിരുന്നത്. വൃദ്ധയ്‌ക്ക് യാചകനോട് തോന്നിയ ഭാവമാകട്ടെ കേവലം സഹതാപമായിരുന്നു. അവര്‍ യാചകനെ സ്വന്തമെന്നപോലെ കാണുകയോ അയാളുടെ ദാരിദ്ര്യം മാറ്റാന്‍ ആഗ്രഹിക്കുകയോ ചെയ്തില്ല. എന്നാല്‍ ആ കുട്ടിയുടെ ഭാവത്തെ കാരുണ്യമെന്നു വിളിക്കാം. കാരണം തന്റെ സ്വന്തമെന്നപോലെയാണ് കുട്ടി യാചകനോട് പെരുമാറിയത്. യാചകനെ കാര്യമായി സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവിടെ ഹൃദയബന്ധവും താദാത്മ്യവും ഉണ്ടായിരുന്നു. ആ കുട്ടി യാചകനോടു കാണിച്ചതാണ് യഥാര്‍ത്ഥ കാരുണ്യം.’
സഹതപിക്കുന്ന ആള്‍ ദുഃഖിക്കുന്നയാളുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാനോ അത് എന്നെന്നേയ്‌ക്കുമായി പരിഹരിക്കുവാനോ ശ്രമിക്കാറില്ല. മറ്റെയാളുടെ ദുഃഖം കണ്ടപ്പോള്‍ തനിക്കുണ്ടായ മനഃപ്രയാസം മാറ്റാനായി അയാള്‍ക്ക് ചെറിയൊരു സഹായം ചെയ്യുകയോ, നല്ലവാക്കു പറയുകയോ ചെയ്താല്‍ തനിക്കു സമാധാനമയി. അതിനുശേഷം അയാള്‍ മറ്റെയാളെ ഓര്‍ക്കണമെന്നുപോലുമില്ല; പ്രശ്‌നം എളുപ്പം മറക്കാന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ കാരുണ്യമുള്ളയാള്‍ ദുഃഖിക്കുന്നയാളുടെ പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കണ്ടെത്താന്‍ ആഗ്രഹിക്കുന്നു. അതിനായി പരിശ്രമിക്കുന്നു.
ഒരു കുട്ടിക്ക് വാഹനാപകടത്തില്‍ കാലിനു കാര്യമായി പരിക്കുപറ്റി. ശസ്ത്രക്രിയ നടന്നശേഷം അവന് ഡോക്ടര്‍ ഫിസിയോതെറാപ്പി വിധിച്ചു. ദിവസവും കുറച്ചുനേരം നിര്‍ബ്ബന്ധമായും നടന്നുശീലിക്കണം. അവന്റെ അച്ഛന്‍ തന്നെയാണ് അതിന് അവനെ സഹായിച്ചത്. നടക്കുമ്പോള്‍ കുട്ടിക്ക് കലശലായ വേദന അനുഭവപ്പെടും. അതിനാല്‍ അവന്‍ ഫിസിയോതെറാപ്പി ചെയ്യാന്‍ മടി കാണിക്കും. ഫിസിയോതെറാപ്പി ചെയ്തില്ലെങ്കില്‍ കാലിന് സ്ഥായിയായ വൈകല്യമുണ്ടാകും എന്നറിയുന്ന അച്ഛന്‍ അവനെക്കൊണ്ട് നിര്‍ബ്ബന്ധിച്ചു നടത്തിക്കും. കണ്ടു
നില്‍ക്കുന്നവര്‍ക്ക് കുട്ടിയുടെ വേദനയില്‍ വിഷമം തോന്നും. അച്ഛന്‍ ഇത്ര ദുഷ്ടനായിപ്പോയല്ലോ എന്നവര്‍ ചിന്തിച്ചേയ്‌ക്കാം. അവര്‍ക്ക് കുട്ടിയോട് സഹതാപമാണുള്ളത്. എന്നാല്‍ അച്ഛന് കുട്ടിയോട് ശരിയായ കാരുണ്യമാണുള്ളത്. കാരുണ്യംകാരണമാണ് അച്ഛന്‍ കുട്ടിയുടെ വേദന അവഗണിച്ചും അവനെ അതിന് നിര്‍ബ്ബന്ധിക്കുന്നത്.
അല്പനേരത്തേയ്‌ക്കുമാത്രമുള്ള കേവലമായ സഹതാപമല്ല, ഹൃദയത്തില്‍ തട്ടിവരുന്ന കാരുണ്യമാണ് ഈ ലോകത്തിന് ആവശ്യം. അത്തരം കാരുണ്യം മനുഷ്യഹൃദയങ്ങളില്‍ വളര്‍ന്നാല്‍ മാത്രമേ ലോകം സ്‌നേഹവും സൗഹൃദവും വിടരുന്ന പൂവാടിയായി മാറുകയുള്ളു. മറ്റുള്ളവരുടെ സുഖദുഃഖങ്ങള്‍ സ്വന്തം സുഖദുഃഖങ്ങളായി കാണുന്ന മനസ്സിലാണ് കാരുണ്യമുള്ളത്. അവിടെ സ്‌നേഹവും സേവനസന്നദ്ധതയുമുണ്ടാകും. ലോകം ഇന്നു കാണുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നുയരുന്ന ഈ കാരുണ്യത്തിലാണ്. ലോകത്തിന്റെ മുറിവുകള്‍ ഉണക്കുന്ന ഒരേയൊരു ഔഷധം കാരുണ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: