ന്യൂദല്‍ഹി: അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഭാവി സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ധോണി വമ്പന്‍ താരമായാതിനാലാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തുടരുന്നത്. കഴിഞ്ഞ മാസം മുതല്‍ ധോണി പരിശീലനം തുടങ്ങി. ഐപിഎല്ലിന് മുമ്പ് ചില മത്സരങ്ങളില്‍ കൂടി അദ്ദേഹം കളിക്കും. അതിനുശേഷം ഭാവി സംബന്ധിച്ച തീരുമാനം എടുക്കും.
അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന വിന്‍ഡീസിനെതിരായ പരമ്പരയിലും ധോണി കളിക്കില്ല. ജൂലൈയില്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ്് സെമിഫൈനലിനുശേഷം ധോണി മത്സരങ്ങള്‍ളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ ധോണി കളിച്ചില്ല.
ഏറെ പരിചയ സമ്പന്നനായ ധോണി 90 ടെസ്റ്റുകളും 350 ഏകദിനങ്ങളും 98 ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൊത്തം പതിനേഴായിരത്തിലേറെ റണ്‍സും നേടി.
അതിനിടെ, ലോക ഇലവനെതിരെ അടുത്ത മാര്‍ച്ചില്‍ നടക്കുന്ന ടി ട്വന്റി മത്സരങ്ങള്‍ക്കുള്ള ഏഷ്യ ഇലവനില്‍ ധോണി ഉള്‍പ്പെടെ ഏഴു ഇന്ത്യന്‍ കളിക്കാരെ കളിപ്പിക്കാന്‍ അനുമതി നല്‍കമെണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 18, 21 തീയതികളിലാണ് മത്സരം. ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഈ മത്സരങ്ങള്‍ രാജ്യാന്തര മത്സരങ്ങളായി പരിഗണിക്കുമെന്ന് വ്യക്തമാക്കി.
ധോണിക്ക് പുറമെ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവരെയും ഏഷ്യന്‍ ഇലവനില്‍ കളിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ധോണി ഈ മത്സരങ്ങളില്‍ കളിക്കാന്‍ തീരുമാനിച്ചാല്‍ അത് രാജ്യാന്തര മത്സരങ്ങളിലേക്കുള്ള തിരിച്ചുവരവാകും.
















