മാഡ്രിഡ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ബാഴ്‌സലോണയ്‌ക്കായി എഴുനൂറാം മത്സരത്തിനിറങ്ങുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ ബൂട്ടുകെട്ടുന്നതോടെ മെസിക്ക് ബാഴ്‌സയുടെ ജേഴ്‌സിയില്‍ എഴുനൂറ് മത്സരങ്ങളാകും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 നാണ് മത്സരം.
ബാഴ്‌സലോണക്കായി എഴുനൂറ് മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമാണ് മെസി. സാവി ഹെര്‍ണാണ്ടസാണ് ബാഴസക്കായി ഏറ്റവും കുടുതല്‍ മത്സരങ്ങള്‍ കളിച്ച താരം. സാവി 767 തവണ ബാഴ്‌സയുടെ ജേഴ്‌സി അണിഞ്ഞു. 2021 വരെ ബാഴ്‌സയുമായി കരാറുള്ള മെസി സാവിയുടെ റെക്കോഡ് തകര്‍ക്കും.
2004-05 സീസണില്‍ അരങ്ങേറിയ മെസിയുടെ പതിനാറാം സീസണാണിത്. മുപ്പത്തിരണ്ടുകാരനായ മെസി ഓരോ സീസണിലും ശരാശരി 44 മത്സരങ്ങള്‍ കളിക്കും. മുപ്പത്തിയെട്ടിലേറെ ഗോളുകളും കുറിക്കും. പത്ത് ലീഗ് കിരീടങ്ങള്‍ അടക്കം 34 ട്രോഫികള്‍ മെസി നേടിയിട്ടുണ്ട്.
പരിക്കിനെ തുടര്‍ന്ന് ഈ സീസണിന്റെ തുടക്കത്തില്‍ മെസിക്ക് കളിക്കാനായില്ല. മെസിക്ക് പകരം പതിനാറുകാരനായ അന്‍സു ഫാറ്റിയാണ് ബാഴ്‌സക്കായി കളത്തിലിറങ്ങിയത്.
ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ബൊറൂസിയയെ തോല്‍പ്പിച്ചാല്‍ ബാഴ്‌സയ്‌ക്ക് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടില്‍ കടക്കാം.
ഇത് രണ്ടാം തവണയാണ് ജര്‍മന്‍ ടീമായ ബൊറൂസിയ ന്യൂകാമ്പില്‍ കളിക്കാനെത്തുന്നത്. 1997 ജനുവരി എട്ടിന് ഇരു ടീമുകളും യുവേഫ സൂപ്പര്‍ കപ്പ് ആദ്യ പാദ ഫൈനലില്‍ ഇവിടെ ഏറ്റുമുട്ടി. അന്ന് 2-0ന് ബാഴ്‌സ വിജയം നേടി. രണ്ട് പാദമായി നടന്ന ഫൈനലില്‍ 3-1ന് ബാഴ്‌സ ജയിച്ചുകയറി. ചാമ്പ്യന്‍സ് ലീഗ് ഹോം മാച്ചുകളില്‍ ബാഴ്‌സ തോല്‍വിയറിയാതെ കുതിക്കുകയാണ്. 34 മത്സരങ്ങളില്‍ അവര്‍ തോറ്റിട്ടില്ല.
















