തിരുവനന്തപുരം: സാംസ്കാരിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പോലും സമര്‍പ്പിക്കുന്നില്ലെന്ന് മോന്‍സ്ജോസഫ് അധ്യക്ഷനായ നിയമസഭാസമിതി. വകുപ്പുകളുടെ നിരുത്തരവാദിത്തമായ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണ് സമിതി നിയമസഭയില്‍ സമര്‍പ്പിച്ചത്.
സാംസ്കാരിക വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലാണ് സമിതി ഏറെ അതൃപ്തി പ്രകടിപ്പിച്ചത്. നിയമസഭയുടെ നടപടി ക്രമമനുസരിച്ച് ഓരോ വകുപ്പും പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍, സ്ഥാപനങ്ങളുടെ വാര്‍ഷിക, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ എന്നിവ നിശ്ചിത കാലയളവിനുള്ളില്‍ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, സമയബന്ധിതമായി അവ സമര്‍പ്പിക്കുന്നതില്‍ ഗുരുതരവീഴ്ചയാണ് സാംസ്കാരിക കാര്യ വകുപ്പ് വരുത്തിയിട്ടുള്ളതെന്ന് സമിതിയുടെ അഞ്ചാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സാംസ്കാരിക വകുപ്പിന് കീഴിലുള്ള അഞ്ച് ജവഹര്ബാലഭവനുകള്, കേരള സാഹിത്യ അക്കാദമി, ശ്രീനാരായണ ഇന്റര്‍നാഷനല്‍ സ്റ്റഡി സെന്റര്‍, ബുക്ക് മാര്‍ക്കറ്റിങ് സൊസൈറ്റി, മൊയീന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്, മലയാളം മിഷന് എന്നീ സ്ഥാപനങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൃത്യമായി സമര്‍പ്പിക്കുന്നില്ലെന്നാണ് സമിതി കണ്ടെത്തിയത്. ചില സ്ഥാപനങ്ങള്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പോലും സമര്‍പ്പിക്കുന്നില്ല. മൂന്ന് മാസത്തിനകം ഈ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് കുടിശിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചു.
സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ അധിക വിവരം ആവശ്യപ്പെട്ടാലും മറുപടി നല്‍കുന്നതിലും നിഷേധാത്മകമായ സമീപനമാണ് വകുപ്പ് സ്വീകരിക്കുന്നത്. റിപ്പോര്‍ട്ട് വൈകിയതിലുള്ള കാലതാമസ പത്രിക ലഭ്യമാക്കാന്‍ സാംസ്കാരിക വകുപ്പിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുന്നത് കാര്യക്ഷമതയില്ലായ്മ വ്യക്തമാക്കുന്നതാണ്. ഇതുസംബന്ധിച്ച് സാംസ്കാരിക വകുപ്പ് സെക്രട്ടറിയില്‍ നിന്നും സമിതി വിശദീകരണം തേടുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അതാതുവര്‍ഷം തയാറാക്കാതെ കുറെ വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ഒരുമിച്ച് തയാറാക്കി സഭയില്‍ സമര്‍പ്പിക്കുന്ന പ്രവണത പല സ്ഥാപനങ്ങളും പുലര്‍ത്തിവരുന്നുണ്ട്. സാംസ്കാരിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാരിന്റെ സഹായം കൈപ്പറ്റുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞ സാമ്പത്തികവര്‍ഷം ലഭ്യമായ സാമ്പത്തിക സഹായം സംബന്ധിച്ച വിശദവിവരം സമിതിക്ക് ഉടന്‍ ലഭ്യമാക്കണം. വകുപ്പില്‍ ലഭ്യമാക്കുന്ന റിപ്പോര്‍ട്ടുകള്‍ താമസിക്കാതെ മേശപ്പുറത്ത് വയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളുടെ വാര്‍ഷിക, ഓഡിറ്റ് റിപ്പോര്‍ട്ടുകളും നിയമസഭയുടെ ചട്ടങ്ങളില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള കാലപരിധികള്ക്കുള്ളില് ലഭ്യമാക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തില്‍ സമിതി അസംതൃപ്തി രേഖപ്പെടുത്തി. സംസ്ഥാനത്തെ കല്പിത സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സമിതിക്ക് സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: