ശബരിമല: പതിനാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മണ്ഡല കാലത്ത് ആദ്യമായി നടന്ന പടിപൂജ കണ്ടു തൊഴാന്‍ സന്നിധാനത്ത് വന്‍ തിരക്ക്. ഭക്തി ലഹരിയില്‍ ആറാടിച്ചു നടന്ന പടിപൂജ ആയിരങ്ങള്‍ക്ക് സുകൃത ദര്‍ശനമായി.
ദീപാരാധന കഴിഞ്ഞതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ആദ്യം കലശ പൂജ നടത്തി. ഓരോ പടിയിലും കുടികൊളളുന്ന ദേവതകളെ പൂജിച്ചു. അഭിഷേകം ചെയ്ത് നിവേദ്യത്തോടെ ദീപാരാധന നടത്തിയാണ് ചടങ്ങ് അവസാനിച്ചത്. മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി സഹകാര്‍മികത്വംവഹിച്ചു.
വൈകിട്ട് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തിയ സ്വാമി ഭക്തര്‍ പടിപൂജ കാണാന്‍ കാത്തിരുന്നു. തീര്‍ഥാടന കാലത്തെ തിരക്ക് പരിഗണിച്ച് മകരവിളക്ക് കഴിയും വരെ പടിപൂജ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയം കാരണം നടക്കാതെ പോയ പടിപൂജയാണ് ഇപ്പോള്‍ നടത്തുന്നത്. 24 വരെ എല്ലാ ദിവസവും ഉണ്ടാകും. 2036 വരെ പടിപൂജ ബുക്കിങ് കഴിഞ്ഞു. 75,000 രൂപയാണ് ദേവസ്വത്തില്‍ അടയ്ക്കേണ്ടത്. ഇതിനു പുറമേ ഒരുക്കങ്ങള്‍ക്കും ദക്ഷിണയ്ക്കും മറ്റുമായി കുറഞ്ഞത് 1.5 ലക്ഷം രൂപ എങ്കിലും ചെലവ് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: