പാരീസ്: ഡെന്മാര്‍ക്കും സ്വിറ്റ്‌സര്‍ലന്‍ഡും അടുത്ത വര്‍ഷത്തെ യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ഗ്രൂപ്പ് ഡിയില്‍ നിന്നാണ് ഈ ടീമുകള്‍ ഫൈനല്‍ റൗണ്ടിലെത്തിയത്.
ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ഡെന്മാര്‍ക്ക് അയര്‍ലന്‍ഡിനെ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. അയര്‍ലന്‍ഡിന് യോഗ്യത നേടാന്‍ ഡെന്മാര്‍ക്കിനെ കീഴടക്കണമായിരുന്നു. ശക്തമായ പോരാട്ടം കണ്ട മത്സരത്തിന്റെ 73-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റിന്റെ ഗോളില്‍ ഡെന്മാര്‍ക്ക് മുന്നിലെത്തി. അവസാന നിമിഷങ്ങളില്‍ അയര്‍ലന്‍ഡിന്റെ മാറ്റ് ദോഹര്‍ത്തി ഗോള്‍ മടക്കി.
ഈ സമനിലയോടെ ഡെന്മാര്‍ക്ക് എട്ട് മത്സരങ്ങളില്‍ പതിനാറ് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. സ്വിറ്റ്‌സര്‍ലന്‍ഡിനാണ് ഒന്നാം സ്ഥാനം. എട്ട് മത്സരങ്ങളില്‍ അവര്‍ക്ക് പതിനേഴ് പോയിന്റ് ലഭിച്ചു. അവസാന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് ദുര്‍ബ്ബലരായ ജിബ്രാള്‍ട്ടറിനെ തോല്‍പ്പിച്ചു.
നേരത്തെ തന്നെ യൂറോയ്‌ക്ക് യോഗ്യത നേടിയ ഇറ്റലി ഗ്രൂപ്പ് ജെയില്‍ തുടര്‍ച്ചയായ പത്താം ജയം സ്വന്തമാക്കി. പത്താം മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ ഒമ്പത് ഗോളുകള്‍ക്ക് അര്‍മേനിയയെ മുക്കി. പത്ത് മത്സരങ്ങളില്‍ മുപ്പത് പോയിന്റുമായി ഇറ്റലി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പത്ത് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റുള്ള ഫിന്‍ലന്‍ഡാണ് ഗ്രൂപ്പില്‍ രണ്ടാമത്.
ഗ്രൂപ്പ് എഫില്‍ സ്‌പെയിന്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് റുമാനിയയെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ സ്‌പെയിന്‍ പത്ത് മത്സരങ്ങളില്‍ 26 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നേരത്തെ തന്നെ സ്‌പെയിന്‍ യോഗ്യത നേടിയിരുന്നു. ഈ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി സ്വീഡനും മുന്നേറി.
















