തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ നിലപാടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ ജയശങ്കര്‍. യുവതികളെ തല്ക്കാലം ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നവോത്ഥാന സമിതി ചെയര്മാന് പുന്നല ശ്രീകുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് ജയശങ്കര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള പോസ്റ്ററും ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
രാജാവിനെക്കാള്‍ രാജഭക്തിയാണ് ദേവസ്വം മന്ത്രി കടകംപള്ളിക്കെന്ന് പുന്നല പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും കേട്ടാല്‍ പ്രകോപിതനാകുന്നയാളല്ല കടകംപള്ളിയെന്നും അദ്ദേഹം ദേവസ്വം മന്ത്രി മാത്രമല്ല സഹകരണ മന്ത്രി കൂടിയാണെന്നും ജയശങ്കര്‍ പരിഹസിച്ചു. തന്ത്രിയോടും മേല്‍ശാന്തിയോടും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ആളാണ്. പുന്നലയുടെ വാക്കിന് പുല്ലുവിലയാണ്. ആക്ടിവിസ്റ്റുകളെ ശബരിമല കയറ്റുന്ന പ്രശ്നമില്ല. നവോത്ഥാനം പറഞ്ഞു കൊണ്ടിരുന്നാല്‍ വോട്ട് കിട്ടില്ല, അടുപ്പില്‍ തീ പുകയില്ലെന്നും ജയശങ്കര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശബരിമല ക്ഷേത്രത്തില്‍ യുവതികളെ നിര്‍ബാധം പ്രവേശിപ്പിക്കണം, സുപ്രീംകോടതി വിധി അപ്പാടെ നടപ്പാക്കണം, നവോത്ഥാന മൂല്യങ്ങള്‍ മങ്ങാതെ മായാതെ നിലനിര്‍ത്താന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട് എന്നു പറഞ്ഞ പുന്നല ശ്രീകുമാര്‍ ദേവസ്വം മന്ത്രി രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നു എന്നൊരു കുത്തുവാക്കും പറഞ്ഞു.
ഇതൊന്നും കേട്ടാല്‍ പ്രകോപിതനാകുന്നയാളല്ല, സഖാവ് കടകംപള്ളി സുരേന്ദ്രന്. അദ്ദേഹം ദേവസ്വം മന്ത്രി മാത്രമല്ല സഹകരണ മന്ത്രി കൂടിയാണ്. തന്ത്രിയോടും മേല്‍ശാന്തിയോടും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ആളാണ്.
അതുകൊണ്ട് പുന്നലയുടെ വാക്കിന് പുല്ലുവിലയാണ്. ആക്ടിവിസ്റ്റുകളെ ശബരിമല കയറ്റുന്ന പ്രശ്നമില്ല. (മലയാറ്റൂര്‍ മല കയറാന്‍ തടസമില്ല). നവോത്ഥാനം പറഞ്ഞു കൊണ്ടിരുന്നാല്‍ വോട്ട് കിട്ടില്ല, അടുപ്പില്‍ തീ പുകയില്ല.
സ്വാമിയേ ശരണമയ്യപ്പ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: