”ശബരിമലയില്‍ യുവതീപ്രവേശനത്തിന് സാധ്യമായതെല്ലാം ചെയ്യും. സംരക്ഷണത്തിന് ആണ് പോലീസിനെ മാത്രമല്ല വനിതാ പോലീസിനെയും വിന്യസിക്കും. കേരളത്തിലെ വനിതാ പോലീസ് പോരാതെ വന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വനിതാ പോലീസിനെ കൊണ്ടുവരും.”
കഴിഞ്ഞവര്‍ഷം ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിവന്ന ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണ് മേലുദ്ധരിച്ചത്. വിജയന് അങ്ങിനെയാണ്. പറഞ്ഞപോലെ ചെയ്തേക്കും. യുവതീപ്രവേശനത്തിന് സാധ്യമായതെല്ലാം ചെയ്തു. വനിതാ പോലീസിനെ മാത്രമല്ല, വീരശൂര പരാക്രമികളായ പുരുഷ സിംഹങ്ങളെയും അണിനിരത്തി. ഐപിഎസുകാരായ മനോജ് എബ്രഹാം; ശ്രീജിത്ത്, യതീഷ് ചന്ദ്ര എന്നിവര്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെ അലര്‍ച്ചയും മുരളിച്ചയും ആക്രോശങ്ങളുമെല്ലാം തത്സമയം നാടാകെ കണ്ടു. എന്നിട്ടും വേഷപ്രഛന്നരായി രണ്ടുപേരെ മലയിലെത്തിക്കാനേ സര്‍ക്കാരിന് കഴിഞ്ഞുള്ളൂ. അതിന് കൊടുക്കേണ്ടിവന്ന വില വലുതാണ്.
രണ്ടായിരത്തിലധികം കേസുകള്‍. അതിലേറെയാളുകളെ കസ്റ്റഡിയിലെടുത്തു. വര്‍ഷമൊന്ന് കഴിഞ്ഞപ്പോള്‍ ‘വീണിതല്ലോ കിടക്കുന്നു’ എന്നുപറഞ്ഞതു പോലെ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ കേസ് കൂടുതല്‍ ജഡ്ജിമാരടങ്ങുന്ന ബെഞ്ച് പരിശോധിക്കാന്‍ തീരുമാനം. അഞ്ചംഗ ബെഞ്ചിലെ രണ്ടുപേര്‍ ഭിന്നവിധി പൊക്കിപ്പിടിച്ചതാണ് ഭക്തജനകോടികളെ പുച്ഛത്തോടെ കാണുന്നവര്‍ക്ക് ആശ്വാസം. ജസ്റ്റിസ് നരിമാന് രണ്ടാം ദിവസവും വിധി ഉയര്‍ത്തിക്കാട്ടി അഭിപ്രായ പ്രകടനം നടത്തിയതിലും ആശ്വസിക്കുന്നവരുണ്ട്. ജസ്റ്റിസിന് ആവര്‍ത്തിച്ച് വിധി ചൂണ്ടിക്കാട്ടാനും കുട്ടിക്കളിയല്ല വിധിയെന്ന് ഓര്‍മ്മിപ്പിക്കാനും അവകാശമുണ്ട്. അതങ്ങനെ നടക്കട്ടെ. പക്ഷേ ഭക്തര്‍ക്ക് പറയാന്‍ ഒന്നേയുള്ളൂ. ”എല്ലാം കാണുന്നവന് അയ്യപ്പന്.” ശബരിമലയിലെ തങ്ങളുടെ വിയോജനവിധിന്യായം വായിച്ചു നോക്കണമെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസ് നരിമാന് പറഞ്ഞത്. മറ്റൊരു കേസ് പരിഗണിക്കവെ തികച്ചും അസാധാരണമായ നടപടിയാണ് ജസ്റ്റിസ് നരിമാന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
തങ്ങളുടെ വിധി കളിക്കാനുള്ളതല്ലെന്നും അതു നിലനില്‍ക്കുമെന്നു സര്‍ക്കാരിനോടു പറയണമെന്നും നരിമാന്, സോളിസിറ്റര്‍ ജനറലിനോടു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരോടു വിയോജനവിധിന്യായം വായിച്ചുനോക്കാന്‍ പറയണം. സുപ്രീംകോടതിയുടെ വിധി നിര്‍ബന്ധമായും നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനോടു സോളിസിറ്റര്‍ ജനറല്‍ പ്രതികരിച്ചില്ല.
കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് നരിമാന് ശബരിമല വിധി ചൂണ്ടിക്കാട്ടിയത്. ഹര്‍ജി പരിഗണിക്കാന്‍ ജസ്റ്റിസ് നരിമാനും ജസ്റ്റിസ് രവീന്ദ്ര ഭട്ടും അടങ്ങുന്ന ബെഞ്ച് ആദ്യം സമ്മതിച്ചില്ല. എന്നാല്‍ വിഷയം തള്ളരുതെന്ന് സോളിസിറ്റര്‍ ജനറല്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോഴാണ് സുപ്രീംകോടതി വിധികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് നരിമാന് പ്രതികരിച്ചത്.
മതപരമായ വിഷയങ്ങളില്‍ ഏഴംഗബെഞ്ച് തീരുമാനമെടുക്കും വരെ ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും മാറ്റിവച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ അഞ്ചംഗ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് നരിമാന് എതിര്‍ത്തിരുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഭൂരിപക്ഷ വിധിയെ എതിര്‍ത്തിരുന്നു. ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. 2018 സെപ്തംബറിലെ വിധി നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ എല്ലാ അധികാരസ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും നരിമാന് വിയോജനവിധിന്യായത്തില് വിശദീകരിച്ചിരുന്നു. പക്ഷേ ഭക്തജനങ്ങള്‍ക്കെതിരെ പോലീസ് നടത്തിയ ബലപ്രയോഗത്തെ പരാമര്‍ശിക്കാന്‍ വിധിയില്‍ വിട്ടുപോയതാകാം.
പുതിയ സാഹചര്യത്തില്‍ മല ചവിട്ടാന്‍ യുവതികള്‍ വരുമ്പോള്‍ പോലീസ് സംരക്ഷണം നല്‍കില്ലെന്ന് സര്‍ക്കാര്‍. ആദ്യവിധി സ്റ്റേ ചെയ്തില്ലെന്ന് ആശ്വസിക്കുന്ന പിണറായി നയിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് യുവതികള്‍ക്ക് സംരക്ഷണം നല്‍കാത്തതെന്ന ചോദ്യം പ്രസക്തമാണ്. സ്റ്റേയ്ക്ക് സമമാണ് ഏഴംഗബഞ്ചിന് ഹര്‍ജികള്‍ വിട്ടതെന്നതാണ് സത്യം. രസിക്കാത്തതാണ് സത്യമെങ്കില്‍ കണ്ണടയ്ക്കുകതന്നെ.
ശബരിമലയില്‍ ഈ മണ്ഡലകാലത്ത് യുവതീപ്രവേശനം ഒഴിവാക്കുന്നത് ഉചിതമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുകയാണ്. സുപ്രീംകോടതി അഭിഭാഷകന് ജയദീപ് ഗുപ്തയാണ് നിയമോപദേശം നല്‍കിയത്. കേസ് അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് ഏഴംഗ ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ തിടുക്കപ്പെട്ടു തീരുമാനം വേണ്ടെന്നാണ് നിയമോപദേശം. പഴയനില തുടരാം. വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തിയ ശേഷം നടപടികള്‍ മതിയെന്നും നിയമജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. നടപടികളില്‍ പാളിച്ചയുണ്ടായാല്‍ വിമര്‍ശനം ഉയരാമെന്നും മുന്നറിയിപ്പുണ്ട്.
ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് നടപടികള്‍ വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. നിയമ സെക്രട്ടറിയോട് സര്‍ക്കാര്‍ അഭിപ്രായം തേടിയിട്ടുണ്ട്. അഡ്വ. ജനറലുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കഴിഞ്ഞ മണ്ഡലകാലത്തെ നടപടികള്‍ വിവാദമായ സാഹചര്യത്തില്‍ തിടുക്കം കാട്ടിയാല്‍ കൈപൊള്ളും. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അതിന് മുന്‍പ് നിയമമന്ത്രിയും പറഞ്ഞിട്ടുണ്ട്. ആക്ടിവിസം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. മല കയറുമെന്ന് പ്രഖ്യാപിക്കുന്നവര്‍ പ്രചാരം ലക്ഷ്യമിടുന്നവരാണെന്നും അത് പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി കടകംപള്ളിക്ക് തിരിച്ചറിവുണ്ടായിട്ടുണ്ട്.
അതിനിടയില്‍ സിപിഎമ്മിനും ബോധോദയം ഉണ്ടായി. ആരാധനാലയം തകര്‍ന്നാല്‍ അന്ധവിശ്വാസം നീങ്ങുമെന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരുടെ ചുവടുമാറ്റം വെറും അടവുനയം മാത്രം. അതിങ്ങനെ:
വിധിയില്‍ വ്യക്തത വരും വരെ ശബരിമല യുവതീപ്രവേശനം അനുവദിക്കേണ്ടതില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനം എടുത്തത്. പുനപ്പരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തീര്‍പ്പ് ഉണ്ടാക്കിയിട്ടില്ല. നിലവിലെ യുവതീപ്രവേശന വിധി സ്റ്റേ ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുമ്പോഴാണ് അന്തിമ തീര്‍പ്പിന് ശേഷം മതി യുവതീപ്രവേശം എന്ന നിലപാടിലേക്ക് സിപിഎം എത്തുന്നത്.
കോടതി വിധിയില്‍ അവ്യക്തത നീങ്ങിയിട്ടില്ലെന്ന് നിയമ മന്ത്രി എ.കെ. ബാലനും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ വിശദമായ നിയമോപദേശം തേടിയിട്ടുണ്ട്. മലകയറാന്‍ യുവതികള്‍ എത്തിയാല്‍ പൊലീസ് സംരക്ഷണം നല്‍കില്ല. അതല്ലെങ്കില്‍ ശബരിമലയിലേക്ക് എത്തുന്ന യുവതികള്‍ കോടതി വിധി കൊണ്ടു വരണമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. വിശ്വാസികളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ബോധപൂര്‍വം നടക്കുന്ന ശ്രമം ഇനി വിലപ്പോകില്ലെന്നും മാന്തി പുണ്ണാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും എ.കെ. ബാലന് പറയുമ്പോള്‍ കഴിഞ്ഞവര്‍ഷം മാന്തിയതാരാണെന്ന് കൂടി വ്യക്തമാക്കണമായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അനിഷ്ട സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കാനെങ്കിലും തയാറാകാതെ ഭക്തജനങ്ങളെ മാന്തി നോവിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുങ്ങി വന്നാല്‍ മാന്തിയ കുഴിയില്‍ സര്‍ക്കാരിന്റെ അന്ത്യം കാണാമായിരുന്നു. സാധ്യമായതെല്ലാം ചെയ്തിട്ടും പിണറായിക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് കഴിഞ്ഞവര്‍ഷം കണ്ടു. കണ്ടാല്‍ പഠിക്കാത്തവര്‍ കൊള്ളുമ്പോള്‍ പഠിച്ചോളും എന്നുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: