കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ രംഗത്ത് വിപ്ലാവാത്മകമായ മാറ്റങ്ങള്‍ ശൃഷ്ടിക്കാനൊരുങ്ങി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ്. 12വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ‘കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ്’ എന്നപേരില്‍ കേരളത്തിലുടനീളം പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ്. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് സെന്റര്‍ നവംബര്‍ 17ന് കൊച്ചിയിലെ നോര്‍ത്ത് കളമശേരിയില്‍ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സ് ഉടമ നിഖില്‍ ഭരദ്വാജ്, ഡയറക്ടര്‍ മുഹമ്മദ് റഫീഖ്, ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിപാടിയില്‍ പങ്കെടുക്കും.
ഫുട്‌ബോള്‍ പ്രേമത്തിനപ്പുറം ഇതിനെ ഒരു പ്രൊഫഷന്‍ ആയി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംരംഭം. കേരള ബ്ലാസ്റ്റേഴ്സ് ശൈലിയില്‍ മികവുറ്റ പരിശീലനം നല്‍കികൊണ്ട് കുട്ടികളെ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ പരിശീലന പദ്ധതികളാണ് കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് വിഭാവനം ചെയ്യുന്നത്. കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സ്‌കൂള്‍, കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് അഫിലിയേറ്റഡ് അക്കാദമി, കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സെന്റര്‍ എന്നിങ്ങനെ മൂന്ന് പ്രത്യേക വിഭാഗങ്ങളായാകും പുതിയ പരിശീലന സംരംഭം പ്രവര്‍ത്തിക്കുക.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുമായി ചേര്‍ന്നാണ് കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സ്‌കൂള്‍ നടപ്പിലാക്കുക. സ്‌കൂളുകളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകര്‍ക്ക് സ്‌കൂളുകള്‍ ആവശ്യപ്പെടുന്ന മുറക്ക് പരിശീലനം നല്‍കും കൂടാതെ സാങ്കേതിക തികവുള്ള ഏറ്റവും മികച്ച പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്സ് ലഭ്യമാക്കും. ഒരു ക്ലബ് എന്ന നിലയില്‍ കേരളത്തെ യഥാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്ന ഒരു ടീം ആയിമാറുക എന്നതാണ് ഞങ്ങളുടെ പ്രധാന ആശയമെന്ന് ബ്ലാസ്റ്റേഴ്‌സ് എഫ്സി ഉടമ നിഖില്‍ ഭരദ്വാജ് പറയുന്നു.
കേരളത്തില്‍ ഫുട്ബോളിനെ പരിപോഷിപ്പിക്കുന്നത് തുടരുകയും അതിന്റെ വളര്‍ച്ചയ്‌ക്ക് സംഭാവന നല്‍കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഭാവിയില്‍ ഇത്തരം നിരവധി പ്രതിഭകള്‍ക്ക് വഴിയൊരുക്കുമെന്നും നിഖില്‍ ഭരദ്വാജ് പറഞ്ഞു.
















