കാസര്‍കോട്: അയോധ്യ കേസില്‍ വിധിയോടനുബന്ധിച്ച് കേരളത്തിലും സുരക്ഷ ശക്തമാക്കി പോലീസ്. കാസര്‍കോടിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്ദേര, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ചവരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം നാല് കമ്പനി പോലീസ് സേനയെയാണ് ജില്ലയില്‍ അധികമായി വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമെ അടിയന്തര സാഹചര്യം നേരിടാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും ജില്ലയില്‍ നിയമിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും പോലീസ് നേരത്തെ അറിയിച്ചിരുന്നു.
സുരക്ഷയുടെ ഭാഗമായി ജില്ലയിലെ എല്ലാ മദ്യശാലകളും പടക്കം വില്‍പ്പന കടകളും പൂട്ടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ജില്ലയില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവ പരിപാടികള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പരിപാടികള്‍ക്ക് ശക്തമായ പോലീസ് സുരക്ഷ ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
















