ന്യൂദല്‍ഹി: വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിന് ഇരയായതും പിന്നാലെ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ കര്‍ശന ഇടപെടലുമായി ദേശീയ പട്ടികജാതി കമ്മിഷന്‍. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ നേരിട്ടറിയിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയേയും കമ്മിഷന്‍ വിളിച്ചുവരുത്തി. ഹാജരായില്ലെങ്കില്‍ കനത്ത നടപടി ഉണ്ടാകുമെന്നും ഉപാധ്യക്ഷന്‍ എല്‍.മുരുകന്‍ ദില്ലിയില്‍ അറിയിച്ചു. തിങ്കളാഴ്ച ദില്ലിയിലെ പട്ടികജാതി കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ 29 ന് കമ്മീഷന്‍ വാളയാര്‍ സന്ദര്‍ശിച്ചിരുന്നു. സിബിഐ അന്വേഷണമെന്ന ആവശ്യം കുട്ടികളുടെ രക്ഷിതാക്കള്‍ കമ്മീഷന് മുന്നിലും ഉന്നയിച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടായെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. വാളയാര്‍ കേസില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും അലംഭാവം ഇതിനോടകം വിമര്‍ശന വിധേയമായതിന് പിന്നാലെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന നിരീക്ഷണം ദേശീയ പട്ടികജാതി കമ്മീഷനും മുമ്പോട്ട് വയ്‌ക്കുന്നത്. പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ച് കേസ് അട്ടിമറിച്ചു. പ്രതികളുടെ സിപിഎം ബന്ധം കേസ് അട്ടിമറിക്കാന്‍ സഹായിച്ചു. ബാലക്ഷേമ സമിതി അധ്യക്ഷനും രാഷ്‌ട്രീയ പ്രേരിതമായി ഇടപെട്ടു. സത്യം തെളിയാന്‍ സിബിഐ വരട്ടേയെന്നാണ് തീരുമാനമെന്നും ദേശീയ പട്ടികജാതി കമ്മീഷന്‍ പറഞ്ഞു.
അതേസമയം, വാളയാര്‍ പീഡനക്കേസില്‍ തുടരന്വേഷണമാകാമെന്ന് നിയമവിദഗ്ധര്‍. ഒരു പ്രതിയുടെ വിചാരണ ജൂവനൈല്‍ കോടതിയില്‍ നടക്കുന്നതിനാല്‍ അന്വേഷണം തുടരുന്നതില്‍ തടസമില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാലു പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടതുപോലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചാമനും ശിക്ഷകിട്ടാതെ പോകരുത്. അതിനാല്‍ ജുവനൈല്‍ കോടതിയിലെ വിചാരണ തുടരുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥന് ഇടപെടാം. കേസില്‍ കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്നും ഇതിനായി തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അപേക്ഷ നല്‍കണമെന്നാണ് നിയമോപദേശം.
















