അസ്വസ്ഥമാകുന്ന മനസ്സോടെയാണ് ആ ഒറ്റമുറി വീടിന്റെ അകത്തേയ്ക്ക് പ്രവേശിച്ചത്. കനം വച്ച നിശബ്ദതയ്ക്കിടയിലും രണ്ട് പെണ്‍കുട്ടികളുടെ നേര്‍ത്ത തേങ്ങലുകള്‍ കേള്‍ക്കുന്ന പോലെ. ആ കുട്ടികള്‍ക്ക് എന്തോ പറയാനുള്ളതുപോലെ ഒരു തോന്നല്‍. അത് ഒരാളോടല്ല. നമ്മള് ഓരോരുത്തരോടുമാണ്. ആ നാലു ചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് അവര്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ എത്രമാത്രം എന്ന് വെറുതെ ഒന്നാലോചിച്ചു. ആ ചേച്ചിയും അനിയത്തിയും പറഞ്ഞു രസിച്ചിട്ടുണ്ടായേക്കാവുന്ന കഥകളെക്കുറിച്ച്, കളിചിരികളെക്കുറിച്ച്, പിണക്കങ്ങളെക്കുറിച്ച്, നൊമ്പരങ്ങളെക്കുറിച്ച് വെറുതെ ചിന്തിച്ചു. ദുരൂഹതമാത്രം അവശേഷിപ്പിച്ച്, കൊല്ലപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍. വാളയാറിലെ എന്റെ സഹോദരിമാര്‍. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് പിന്നീട് പൊതുജനമധ്യത്തില്‍ ഒരു പേരുണ്ടാവില്ല. സ്ഥലനാമങ്ങളുടെ പേരില്‍ മാത്രം അറിയപ്പെടേണ്ട ദൗര്‍ഭാഗ്യം പേറുന്നവര്‍. ഇവിടെയവര്‍ വാളയാര്‍ പെണ്‍കുട്ടികളാണ്. പീഡനം അവരുടെ സ്വത്വം തന്നെ മായ്ച്ചുകളഞ്ഞിരിക്കുന്നു.
ദാരിദ്രം നിറം കെടുത്തിയ ബാല്യം. എങ്കിലും ആ ഒറ്റമുറി വീട്ടിലിരുന്ന് അവര്‍ നിറമുള്ള സ്വപ്നങ്ങള്‍ കണ്ടിരിക്കാം. ഏതോ ഒരു ദിവസം അതെല്ലാം നഷ്ടപ്പെട്ട്, രാവിലുറങ്ങാതെ ഇരുട്ടില്‍ കണ്ണുകള്‍ പരതി അവര്‍ ഇരുന്നിരുന്നു. വാതിലില്‍ കാറ്റുമുട്ടുമ്പോള്‍ പോലും ഭീതിയോടെ കണ്ണുകള്‍ ഇറുകെ പൂട്ടി. ഒടുവില്‍, മനോവിഷമത്താല്‍ വീട്ടിനുള്ളിലെ കഴുക്കോലില്‍ ഷാളില്‍ കെട്ടിത്തൂങ്ങി മരണപ്പെട്ടു എന്ന അന്വേഷണ റിപ്പോര്‍ട്ടിലെ വാചകത്തില്‍ ആ കുരുന്നു ജീവനുകള്‍ അവസാനിക്കുന്നു. പതിമൂന്നു വയസുള്ള ആദ്യ പെണ്‍കുട്ടി, 2017 ജനുവരി 13ന്, ഒന്പതി വയസുകാരി ഇളയവള്‍ 2017 മാര്‍ച്ച് നാലിന്. അതിക്രൂരമായ ലൈംഗിക പീഡനത്തിന്റെ അടയാളങ്ങള്‍ കുറ്റപത്രങ്ങളില്‍ അവശേഷിക്കുമ്പോഴും പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെടുന്നു. അന്വേഷണത്തിലും കേസ് നടത്തിപ്പിലും അതിഗുരുതരമായ വീഴ്ചകള്‍, കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന. കേരളത്തില്‍ പ്രതിഷേധമിരമ്പുമ്പോഴാണ് വാളയാര്‍ അട്ടപ്പളത്തെ വീട്ടിലേക്ക് അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് പ്രവര്‍ത്തകര്‍ക്കൊപ്പം ഞാന്‍ പോയത്.
പാലക്കാട് ജില്ലയില്‍ തമിഴ്നാടിനോട് ചേര്‍ന്നുള്ള അതിര്‍ത്തി ഗ്രാമമാണ് അട്ടപ്പളം. ദളിത് വിഭാഗത്തില്‍പ്പെടുന്ന, കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന ആളുകളാണ് അവിടെ കൂടുതലും. രാവിലെ പോയാല്‍, പകലന്തിയോളം പണിയെടുത്ത് വീടണയുന്നവര്‍. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളും അവരില്‍ ഒരാളായിരുന്നു. വീട്ടില്‍ പെണ്‍കുട്ടികളെ തനിച്ചാക്കി ജോലിക്ക് പോകേണ്ടി വന്ന നിസ്സഹായര്‍.
ഒരുതരം മരവിപ്പോടെ, നിര്‍വികാരത്തോടെ ആ അച്ഛനും അമ്മയും. ഒരേ കാര്യം തന്നെ അവര്‍ എത്രയോ വട്ടം അതിനോടകം ആവര്‍ത്തിച്ചിരുന്നിരിക്കാം. പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ആ മുറി ഞങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കിടന്നിരുന്നു. അവിടേക്ക് കടന്നതും കണ്ണുകള്‍ അറിയാതെ തന്നെ മുകളിലേക്ക് ഉയര്‍ന്നു. ഞങ്ങള്‍ക്ക് മുകളില്‍ നിഗൂഢതയുടെ ‘ഉത്തരം’. ശരാശരി ഉയരമുള്ള ഒരാള്‍ക്ക് ഒരു കസേരയില്‍ കയറി നിന്നാല്‍ മാത്രം ആ ഉത്തരത്തില്‍ തൊടാനാവും. അത്രമാത്രം ഉയരത്തിലാണത്. ആ ഉത്തരത്തിലാണ് രണ്ട് ചെറിയ പെണ്‍കുട്ടികള്‍ തുണി ബന്ധിച്ച് ആത്മഹത്യ ചെയ്തുവെന്ന് പോലീസ് അവകാശപ്പെടുന്നത്.
പോലീസിന്റെ ഈ അനാസ്ഥയെ ചോദ്യം ചെയ്യാന്‍ പോലും ആവാത്ത വിധം നിസ്സഹായരാണ് ആ പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും. മക്കളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അവരുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി. വാക്കുകള്‍ മുറിഞ്ഞു. ഏതറ്റം വരേയും ഞങ്ങളെല്ലാം കൂടെയുണ്ടെന്ന് പറഞ്ഞത് കേട്ടപ്പോള്‍ കരച്ചില് കൂടുതല്‍ ഉച്ചത്തിലായി. കുട്ടികളെ പിച്ചി ചീന്തിയവരില്‍ രണ്ടുപേര്‍ ബന്ധുക്കളാണെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന ഏറ്റുപറച്ചില്‍. ഒരിക്കലതു നേരില്‍ കണ്ടപ്പോള്‍ പ്രതിഷേധിക്കാന്‍ ധൈര്യം വന്നില്ല. സംഭവം പുറത്തറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ ഭാവിയെന്താകും എന്ന ആശങ്കയായിരുന്നു. വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്തവര്‍. ഇത്തരത്തിലൊരു സാഹചര്യത്തെ എപ്രകാരം നേരിടുമെന്ന ധാരണയോ ധൈര്യമോ ഇല്ലാത്തവര്‍. അവരുടെ സാമൂഹിക അന്തരീക്ഷവും അത്തരത്തിലുള്ളതായിരുന്നു.
എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന പൊതുസമൂഹത്തിന്റെ ചോദ്യത്തെ ഇപ്പോഴും നേരിടാനാവാതെ പകച്ചു നില്‍ക്കുകയാണ് ആ അച്ഛനും അമ്മയും. പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്യാതെ സമൂഹം നിരക്ഷരരായ, അര്‍ദ്ധപട്ടിണിക്കാരായ ആ കുടുംബത്തെ ഇപ്പോഴും പഴിക്കുന്നതിന് പകരം പോലീസിന്റെ, പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെയാണ് ചോദ്യം ചെയ്യേണ്ടത്.
എതിര്‍ക്കില്ല എന്ന് കരുതുന്നവന്റെ ഭയത്തെയാണ് ഇവിടെ മുതലെടുത്തിരിക്കുന്നത്. ഏതെങ്കിലും ഒരു പെണ്‍കുട്ടി പീഡനത്തിന് ഇരയായാല്‍ അവള്‍ക്ക് ഭ്രഷ്ട് കല്പിക്കുന്ന സമൂഹത്തില്‍ പണമോ സ്വാധീനമോ ഒന്നും തന്നെയില്ലാത്ത ഒരു കുടുംബത്തിന് എത്രമാത്രം പ്രതികരിക്കാന്‍ സാധിക്കും. ആ നിസ്സഹായാവസ്ഥയാണ് നേരില്‍ കണ്ട് ബോധ്യപ്പെട്ടത്.
പഠിക്കാന്‍ മിടുക്കരായിരുന്നു ആ കുട്ടികള്‍. മരണത്തെക്കുറിച്ച് ചിന്തിക്കേണ്ട പ്രായം പോലും എത്താത്തവര്‍. അവരുടെ സ്വപ്നങ്ങളും പരിമിതമായിരുന്നു. ഒരു കളിപ്പാട്ടം പോലും അവരുടെ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്നിരിക്കില്ല.
മൂത്ത കുട്ടി മരിച്ചപ്പോള്‍ വിഷമം താങ്ങാനാവാതെ തളര്‍ന്നുപോയവര്‍. രണ്ട് കുട്ടികള്‍ കൂടിയുണ്ടെന്ന ചിന്ത, വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിച്ചു. അവരെ പട്ടിണിക്കിടാതിരിക്കാനാണ് മകള്‍ മരിച്ച് നാല്പതു ദിവസത്തിന് ശേഷം വീണ്ടും പണിക്കുപോയത്. അത് കഴിഞ്ഞ് രണ്ടാഴ്ച തികയും മുന്നേ രണ്ടാമത്തെ മകളേയും….വാക്കുകള്‍ പൂര്‍ണ്ണമാകും മുന്നേ കരച്ചില് വന്ന് വാക്കുകള്‍ വിഴുങ്ങി. കൂടുതല്‍ ചോദ്യം ചോദിച്ച് ഉത്തരം തേടാന്‍ പിന്നെ ഞങ്ങള്‍ക്ക് തോന്നിയില്ല. അതിനുള്ള ത്രാണിയില്ലായിരുന്നു എന്നതാണ് സത്യം.
ഇതെഴുതുമ്പോള്‍ ഒഎന്‍വിയുടെ കോതമ്പുമണികള്‍ എന്ന കവിതയാണ് ഓര്‍മ്മവരുന്നത്.
‘ഇന്നുമീ രാവിലുറങ്ങാതെയെന്തേ നിന്
കണ്‍കളിരുട്ടില്‍ പരതുന്നു?
കാതോര്‍ത്ത് തന്നെയിരിക്കുന്നു, വെറും
കാറ്റിന് മൊഴിയിലും ചൂളുന്നു?…”
”കൂരതന്‍ വാതിലില്‍ കാറ്റൊന്നു തട്ടിയാല്‍
ക്കൂടി മറ്റെന്തൊക്കെയോര്‍ത്തിട്ടോ
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!..” ഏതോ ഗ്രാമത്തില്‍ കവി കണ്ടെത്തിയ, ദാരിദ്ര്യവും അടിമത്തവും പേറുന്ന പെണ്‍കുട്ടിയെ കുറിച്ച് പ്രതിപാദിക്കുന്ന കവിത. കീറി പിഞ്ഞിയ ചേലയും അലങ്കാരമില്ലാത്ത ശരീരവും ധാരാളം സ്വപ്നങ്ങളും ഒക്കെയുള്ള പെണ്‍കുട്ടി. അവള് കോതമ്പുചെടിപോലെയായിരുന്നു. വളര്ച്ചയെത്തിയാല് ഏത് നിമിഷവും വെട്ടിമാറ്റാവുന്ന കോതമ്പുചെടിപോലെ.
കവികള്‍ ദീര്‍ഘദര്‍ശികളാണ് എന്നാണ് പറയാറുള്ളത്. അത് സത്യമാണെങ്കിലും അല്ലെങ്കിലും വാളയാറില്‍ ക്രൂരമായി പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ ജീവിതവും ഏതാണ്ടെല്ലാം അതുപോലെയായിരുന്നു.
ഏതറ്റം വരേയും കൂടെയുണ്ടെന്ന് വാക്കു നല്‍കിയാണ് ഞങ്ങള്‍ ആ വീട്ടില്‍ നിന്നും ഇറങ്ങിയത്. ലോകചരിത്രത്തില്‍ എക്കാലവും നീതി നിഷേധിക്കുന്നവരും നിഷേധിക്കപ്പെടുന്നവരും എന്ന രണ്ട് വിഭാഗം ഉണ്ടായിട്ടുണ്ട്. നീതി നിഷേധിക്കപ്പെട്ടിടത്തോളം തന്നെ നീതിക്ക് വേണ്ടിയുള്ള സമരങ്ങളും യുദ്ധങ്ങളും ഉണ്ടായിട്ടുമുണ്ട്. ഈ ചരിത്രത്തിലൊരിടത്തും, എവിയെങ്കിലും നീതിയോ അവകാശങ്ങളോ വെള്ളിത്താലത്തില്‍ കൊണ്ടുകൊടുത്തതിന്റെ ഉദാഹരണങ്ങള്‍ കാണാനും കഴിയില്ല. പടവെട്ടി നേടിയതാണ് അതൊക്കെ. അങ്ങനെ പടവെട്ടാന്‍ ഉശിരുള്ള ജനത ഉള്ളിടത്തോളം കാലം പ്രതിഷേധങ്ങളും അതിലൂടെ നീതിയും ലഭിക്കുക തന്നെ ചെയ്യും. ഇവിടെ ഈ സഹോദരിമാരുടെ ആത്മാവിനോടെങ്കിലും നമ്മുടെ സമൂഹത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും നീതി പുലര്‍ത്താന്‍ സാധിക്കട്ടെ. സത്യം പുറത്തു വരട്ടെ. കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടട്ടെ. അതുവരെ ഈ പ്രതിഷേധത്തിന്റെ ജ്വാല അണയാതെ കാക്കാം…
(എബിവിപി ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: