പത്തനംതിട്ട: രൂക്ഷമായ കാട്ടുപന്നി ശല്യത്താല്‍ പൊറുതിമുട്ടിയ നാരങ്ങാനം പഞ്ചായത്തിലെ കര്‍ഷകരുടെ കൂട്ടായ്‌മ അധികൃതരുടെ അവഗണനക്കെതിരെ പ്രക്ഷോഭത്തിലേക്ക്. കാട്ടു പന്നികളുടെ ഉപദ്രവത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 4ന് രാവിലെ 11ന് പത്തനംതിട്ട കളക്‌ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തുമെന്ന് കര്‍ഷക കൂട്ടായ്‌മ പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാരങ്ങാനം, കടമ്മനിട്ട എന്നീ 2 കരകളുള്ള വിസ്തൃതമായ നാരങ്ങാനം പഞ്ചായത്തില്‍ 8000ല്‍ അധികം കുടുംബങ്ങളും 2024 ഹെക്ടര്‍ റബ്ബര്‍ ഉള്‍പ്പെടെയുള്ള കൃഷിഭൂമിയുമാണുള്ളത്. പ്രതിവര്‍ഷം ശരാശരി 40 കോടി രൂപയുടെ കാര്‍ഷിക വിളകള്‍ പഞ്ചായത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇവ പഞ്ചായത്തിലെ കാര്‍ഷിക വിപണി വഴി വിറ്റഴിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ഭക്ഷ്യവസ്തുക്കള്‍ക്കായി നാട്ടുകാര്‍ അന്യ ദേശത്തെ ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. മുന്‍കാലങ്ങളില്‍ വനത്തില്‍ മാത്രം കാണപ്പെട്ടിരുന്ന കാട്ടുപന്നികള്‍ വനത്തിനു സമീപമുള്ള പഞ്ചായത്തുകളിലെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് കുറേ വര്‍ഷങ്ങളായി തുടരുന്നു.
ഇപ്പോള്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കടന്നുകയറി വിളകള്‍ നശിപ്പിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. വളരെ വേഗത്തില്‍ പെറ്റുപെരുകുന്നതാണ് കാട്ടു പന്നികള്‍. ഒരു വര്‍ഷം കുറഞ്ഞത് 30 കുഞ്ഞുങ്ങളെങ്കിലും ഒരു പെണ്‍ പന്നിക്ക് ഉണ്ടാകുന്നു. ഇപ്പോള്‍ ഇവയുടെ ശല്യം പന്തളത്തുവരെ എത്തിയിട്ടുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ കായംകുളം വരെ കാട്ടുപന്നികള്‍ എത്തുമെന്നതിന് സംശയമില്ല. ഇവയെ കൊന്നൊടുക്കുവാന്‍ നിയമം അനുവദിക്കാത്തതാണ് കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നത്.
കാര്‍ഷിക വിളകള്‍ തിന്നുക മാത്രമല്ല, പാകമാകാത്ത വിളകളും തെങ്ങിന്‍ തൈകളും വരെ കുത്തി മറിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഒറ്റയായും, കൂട്ടത്തോടെയും കൃഷിസ്ഥലങ്ങളില്‍ സ്വൈരവിഹാരം നടത്തുകയാണ്. മുന്‍ കാലങ്ങളില്‍ രാത്രിയില്‍ മാത്രമാണ് പന്നികള്‍ ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ പട്ടാപ്പകലും ഇവ വീടുകള്‍ക്ക് സമീപം എത്തുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ വീടിന് പുറത്തേക്ക് ഇറങ്ങുവാന്‍ പോലും ഭയപ്പെടുന്നു.
കുട്ടികളെ സ്‌കൂളില്‍ അയയ്‌ക്കുവാന്‍ രക്ഷിതാക്കള്‍ക്ക് പേടിയായിരിക്കുന്നു. ഇരുചക്ര വാഹനത്തില്‍ പോലും സഞ്ചരിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് നാട്ടില്‍. ടാപ്പിംഗ് തൊഴിലാളികള്‍ക്ക് റബ്ബര്‍ തോട്ടത്തില്‍ പ്രവേശിക്കുവാന്‍ പോലും കഴിയുന്നില്ല. ജീവനെ ഭയന്ന് ഇവയെ ഓടിച്ച് അകറ്റുവാനും സാധിക്കുന്നില്ല. പന്നി ശല്യം കാരണം മിക്ക ഭൂമിയിലും കര്‍ഷകര്‍ മരച്ചീനിക്കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്.
പന്നി ശല്യത്തിനെതിരെ പരമ്പരാഗത പ്രതിരോധ മാര്‍ഗങ്ങള്‍ കൊണ്ടു പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. നിറമുള്ള തുണികള്‍ കൃഷിയിടത്തിനു ചുറ്റും വലിച്ചുകെട്ടിയും ലോഹ ഷീറ്റുകള്‍കൊണ്ട് വേലി കെട്ടിയുമാണ് താല്‍കാലിക ആശ്വാസം കണ്ടെത്തുന്നത്. മരച്ചീനി ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭിക്കുമെന്നിരിക്കേ കാട്ടുപന്നികള്‍ വിള നശിപ്പിക്കുന്നത് തിരിച്ചടിയാവുകയാണ്. ഒരേക്കര്‍ ഭൂമി പന്നി കയറാതെ ഷീറ്റുകൊണ്ട് മറച്ചു സൂക്ഷിക്കുന്നതിന് 1.5 ലക്ഷം രൂപയില്‍ കുറയാത്ത മുതല്‍ മുടക്ക് ആവശ്യമാണ്.
കൂടാതെ വളം, കൂലി ചെലവ് എന്നിവ കൂടി കഴിച്ചാല്‍ കര്‍ഷകന്‍ കടത്തില്‍ നിന്നും കടത്തി ലേക്ക് കൂപ്പുകുത്തുകയും ആത്മഹത്യയിലേക്കുവരെ എത്തുകയും ചെയ്യും. പന്നിയെ അകറ്റിനിര്‍ത്തുന്നതിന് വനംവകുപ്പ് തയ്യാറാക്കിയ ഒരുതരം പൊടി മഴ വളരെയധികമുള്ള ജില്ലയില്‍പ്രയോജനപ്പെടുന്നില്ല. അധികൃതരോ രാഷ്‌ട്രീയ പാര്‍ട്ടികളോ കര്‍ഷകര്‍ നേരിടുന്ന ഗുരുതര പ്രശ്‌നത്തെ വേണ്ട ഗൗരവത്തോടെ കാണുന്നില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകരും മുഴുവന്‍ ജനങ്ങളും രാഷ്‌ട്രീയത്തിന് അതീതമായി ഇക്കാര്യത്തില്‍ സംഘടിക്കേണ്ടത് അത്യാവശ്യമാണെന്നും കര്‍ഷക പ്രതിനിധികള്‍ പറഞ്ഞു. ടി.ആര്‍. ബാലഗോപാലന്‍, ടി.എ. തോമസ്, എം.കെ. ഗോപാലകൃഷ്മന്‍ നായര്‍, മഹേഷ് കടമ്മനിട്ട എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















