പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയുമായി ജലഅതോറിട്ടിയുടെ 120 കോടി മുതല്‍ മുടക്കുള്ള പദ്ധതി. നബാര്‍ഡ് ധനസഹായത്തോടെയാണ് നടപ്പാക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒരുവര്‍ഷമാണ് പദ്ധതിയുടെ നിര്‍മ്മാണ കാലയളവ്.
നിലയ്‌ക്കല്‍ ബേസ് ക്യാമ്പില്‍ 20 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള മൂന്ന് ജലസംഭരണികള്‍, പമ്പിങ് സ്റ്റേഷന്‍, ട്രാന്‍സ്‌ഫോര്‍മര്‍ എന്നീ അനുബന്ധ പ്രവൃത്തികളും പൂര്‍ത്തിയാക്കും. സീതത്തോട്-നിലയ്‌ക്കല്‍-പ്ലാപ്പള്ളി കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടവും ഇതോടൊപ്പം പൂര്‍ത്തീകരിക്കും. സീതത്തോട് പ്ലാന്റില്‍ ശുദ്ധീകരിച്ച വെള്ളമാണ് നിലക്കലില്‍ സംഭരിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ തുടര്‍ച്ചയായി പമ്പിംഗ് നടത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. ഇതോടെ നിലക്കല്‍ ഇടത്താവളത്തില്‍ 24 മണിക്കൂറും ആവശ്യാനുസരണം ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.
പത്തനംതിട്ട ജില്ലയില്‍ നെടുമ്പ്രം, കടപ്ര, പെരിങ്ങര ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയും ടെന്‍ഡര്‍ ചെയ്തു. നബാര്‍ഡ് ധനസഹായത്തോടെ 20 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയത്. 118.45 കിലോമീറ്റര്‍ വിതരണ ശൃംഖലയാണ് പദ്ധതിക്കുള്ളത്. ഒരു വര്‍ഷമാണ് നിര്‍മാണ കാലാവധി അനുവദിച്ചിട്ടുള്ളത്.
പെരുനാട്-അത്തിക്കയം വില്ലേജ് കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിനും ടെന്‍ഡറായി. കിഫ്ബിയില്‍ നിന്നും 41.40 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 11 മേഖലകളുള്ളതില്‍ ഏഴ് മേഖലകളില്‍ വിതരണം ശൃംഖല, നാല് മേഖകളില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തീകരണം, മൂന്ന് പമ്പിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയവ പൂര്‍ത്തിയാകും. 148 കിലോമീറ്റര്‍ വിതരണ ശൃംഖലയാണ് പദ്ധതിയിലൂടെ പൂര്‍ത്തീകരിക്കുന്നത്.
















