കാസര്‍കോട്: മതം പഠിപ്പിച്ച അച്ചടക്കത്തെ രാഷ്‌ട്രീയം മാലിന്യമാക്കി മാറ്റുകയാണെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്ന ‘കല, സംസ്‌കാരം, ദര്‍ശനം കേരളീയ പാരമ്പര്യത്തില്‍’ എന്ന ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരത്തിന്റെ കേന്ദ്രബിന്ദു കാരുണ്യമാണ്. ഭാരതത്തിന്റെ സംസ്‌കാരം മഹത്തരമാകുന്നത് നാടിനെ മാതൃഭൂമിയായി, അമ്മയായി കാണുന്നതു കൊണ്ടാണ്. എന്നാല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച സംസ്‌കാരത്തിന്റെ പ്രാധാന്യം കുറയ്‌ക്കുന്നു. അത് ഏറ്റവുമധികം സ്പര്‍ശിക്കുന്നത് മൂല്യങ്ങളെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രൊവൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. കെ.ജയപ്രസാദ് അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. എ.രാധാകൃഷ്ണന്‍ നായര്‍, ഇന്ദിരാഗാന്ധി ദേശീയ സാംസ്‌കാരിക കേന്ദ്രം തൃശൂര്‍ മേഖല ഡയറക്ടര്‍ ഡോ. സജിത് ഇ എന്‍, മലയാളവിഭാഗം അധ്യക്ഷന്‍ ഡോ. എന്‍.അജിത്കുമാര്‍, സെമിനാര്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍ ഡോ. വി.രാജീവ്, ഡോ. ആര്‍.ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്നു നടന്ന സെഷനുകളില്‍ കേരളീയ ചിത്രകലാ പാരമ്പര്യത്തെക്കുറിച്ച് പ്രൊഫ. എം.ജി ശശിഭൂഷന്‍, ഗണിത ജ്യോതിശാസ്ത്ര പാരമ്പര്യത്തെക്കുറിച്ച് ഡോ. വി.ബി പണിക്കര്‍, വേദാന്ത പാരമ്പര്യത്തെക്കുറിച്ച് പ്രൊഫ. സി.എം നീലകണ്ഠന്‍, വാസ്തുവിദ്യയെക്കുറിച്ച് മനോജ് എസ് നായര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കോട്ടയ്‌ക്കല്‍ ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച കഥകളി പരിചയം, കലാമണ്ഡലം രാമ ചാക്യാരുടെ ചാക്യാര്‍കൂത്ത് അവതരണവും നടന്നു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സെമിനാര്‍ ഇന്ന് സമാപിക്കും.
















