ക്ഷേത്ര ക്ഷേത്രജ്ഞ
വിഭാഗയോഗം
ശരീരമാണ് ക്ഷേത്രമെന്നും എല്ലാ ശരീരത്തിലും നിലനില്‍ക്കുന്ന ചൈതന്യം താന്‍ തന്നെയാണെന്നും കൃഷ്ണന്‍ വിവരിക്കുന്നു. ആ ചൈതന്യമാണ് ക്ഷേത്രജ്ഞന്‍ എന്നറിയപ്പെടുന്നത്. ഈ ക്ഷേത്രജ്ഞ വിവരണം വേദത്തിലും ബ്രഹ്മസൂത്രത്തിലുമുണ്ട്. ക്ഷേത്രമാകട്ടെ, വികാരവിചാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഞ്ച ഭൂതങ്ങളും പഞ്ചജ്ഞാനേന്ദ്രിയങ്ങളും പഞ്ച കര്‍മേന്ദ്രിയങ്ങളും അവയുടെ പഞ്ച കര്‍മങ്ങളും ചേര്‍ന്നതാണ്. അഹങ്കാരമില്ലായ്‌മ, നിസ്വാര്‍ത്ഥത, അഹിംസ, ക്ഷമ, കുടിലതയില്ലായ്‌മ, ഇന്ദ്രിയ നിഗ്രഹം, മനോനിയന്ത്രണം, ബന്ധനമില്ലായ്‌മ, അഹംഭാവമില്ലായ്‌മ, നന്മയോടുള്ള ബന്ധം, സംസാരസാഗരത്തിലെ വേദന-ദുഃഖം, പ്രശ്‌നങ്ങള്‍ ഇവതിരിച്ചറിയല്‍, എന്റേതെന്ന ഭാവമില്ലായ്‌മ, സമചിത്തത, തുല്യത, ഭക്തി, ആത്മീയത, ജ്ഞാനം, സത്യം, ധര്‍മം, നീതി, ന്യായം ഇവ ഓരോ വ്യക്തിയിലുമുണ്ടായിരിക്കണം.
പരബ്രഹ്മ/പരമാര്‍ത്ഥ ചൈതന്യത്തെക്കുറിച്ച് കൃഷ്ണന്‍ വിവരിക്കുന്നു. അത് സര്‍വയിടത്തും വ്യാപിച്ചുകിടക്കുന്നു. സര്‍വതിനെയും കാണുവാനും കേള്‍ക്കുവാനും സാധിക്കുന്നു. എല്ലാത്തിലും വ്യാപിച്ചുകിടക്കുന്നു. ആദിയും അന്തവുമില്ലാത്ത, നന്മതിന്മകള്‍ തീണ്ടാത്ത, ഇന്ദ്രിയങ്ങളില്ലാത്ത, അവ്യക്തമായ, ചിന്താതീതമായ, അകത്തും പുറത്തും നിറഞ്ഞുനില്‍ക്കുന്ന, വിഭജിക്കാനാവാത്ത, വേര്‍തിരിക്കാനാവാത്ത, മൂര്‍ത്തിത്രയ ചൈതന്യങ്ങള്‍ക്കാധാരമായ മായാതീതമായ പ്രകാശപൂര്‍ണമായ പരമജ്ഞാനിക്ക് മാത്രം തിരിച്ചറിയാനാകുന്ന, മനസ്സിലാക്കിയാലും മനസ്സിലാകാന്‍ വിഷമമുള്ള ആ ചൈതന്യമാണ് പരമാത്മ/ പരബ്രഹ്മ ചൈതന്യം. അത് ശരീരമാകുന്ന ക്ഷേത്രത്തെ നിരന്തരം ചലനോന്മുഖമാക്കുന്നു. ശരീരഘടകങ്ങളായ പ്രകൃതി കര്‍മനിരതമാകുന്നു. ആത്മചൈതന്യം സ്വബോധത്തോടെയും പ്രജ്ഞാനത്തോടെയും ശരീരത്തെ പ്രവര്‍ത്തിപ്പിക്കുന്നു.
ജീവാത്മാവ് പരമാത്മാവിന്റെതന്നെ ഭാഗമാണ്. അത് സാക്ഷീഭാവത്തെ ഓരോ ശരീരത്തിലും നിലനില്‍ക്കുന്നു. അതാണ് ശരീരത്തിന് മാര്‍ഗദര്‍ശിയും നിലനില്‍പ്പിനാധാരവും ശരീരത്തിന്റെ സത്തുമായിട്ടുള്ളത്. ഈ ചൈതയ്യത്തെ പ്രപഞ്ച-പുരുഷ ചൈതന്യമായി നിര്‍വചിക്കാറുണ്ട്. അത് ഹൃദയമണ്ഡലത്തിലധിവസിുന്നതായി ചിലരറിയുന്നു. എന്നാല്‍ മഹത്തായ ഈ ശാസ്ത്രസത്യം മനസ്സിലാക്കണം.
















