മാവേലിക്കര: വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ വായ് തുറക്കാത്ത കേരളത്തിലെ സാംസ്‌കാരിക നായകര്‍ക്ക് പേന വാങ്ങാന്‍ 10 രൂപ മണിയോര്‍ഡര്‍ അയച്ച് മാവേലിക്കര യുവമോര്‍ച്ചയുടെ വേറിട്ട പ്രതിഷേധം.
വടക്കേ ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാ വിഷയങ്ങളിലും വാതോരാതെ പ്രതികരിക്കുന്ന സാംസ്‌കാരിക, സാഹിത്യ, സിനിമാമേഖലയിലെ സ്ഥിരം മുഖങ്ങളായ അടൂര്‍ ഗോപാലകൃഷ്ണന്‍, കുരീപ്പുഴ ശ്രീകുമാര്‍, ആഷിക് അബു, സാറാ ജോസഫ്, സുനില്‍ പി ഇളയിടം, കമല്‍, ദീപ നിഷാന്ത് തുടങ്ങിയ പത്തോളം പേര്‍ക്കാണ് യുവമോര്‍ച്ച മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മണിയോഡര്‍ അയച്ചത്.
സ്ഥാനമാനങ്ങള്‍ക്കും അവാര്‍ഡുകള്‍ക്കും വേണ്ടി മാത്രം ഇരയുടെ നിറവും മതവും നോക്കി പ്രതികരിക്കുന്ന തരത്തിലേക്ക് കേരളത്തിലെ ഒരുവിഭാഗം സാംസ്‌കാരിക നായകര്‍ മാറിയെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. വടക്കോട്ട് മാത്രം നോക്കി ഗര്‍ജ്ജിക്കുന്ന സാംസ്‌കാരിക ബുദ്ധിജീവികള്‍ വലപ്പോഴും സംസ്ഥാനത്തു നടക്കുന്ന നീചപ്രവര്‍ത്തികളെ കാണാന്‍ ശ്രമിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
ജില്ലാ ജനറല്‍സെക്രട്ടറി ഹരീഷ് കാട്ടൂര്‍, ജില്ലാ സെക്രട്ടറി ശ്യാംകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ്് പീയുഷ് ചാരുംമൂട്, സെക്രട്ടറി സതീഷ് വഴുവാടി, കമ്മറ്റി അംഗങ്ങളായ സന്തോഷ് ചത്തിയറ, വിഷ്ണു, വിനോദ്, ഗംഗാപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. ചാരുംമൂട്ടിലെ പോസ്റ്റ് ഓഫീസ് വഴിയാണ് മണിയോര്‍ഡര്‍ അയച്ചു കൊടുത്തത്.
















