ആലപ്പുഴ: തീരദേശത്ത് വേലിയേറ്റമേഖലയില്‍ 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 18,865 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ പദ്ധതി. ഒമ്പത് ജില്ലകളില്‍ ഉള്‍പ്പെടുന്ന 560 കിലോമീറ്റര്‍ തീരമേഖലയില്‍ കടലാക്രമണ ഭീഷണി നേരിടുന്ന വീടുകളില്‍ താമസിക്കുന്നവരെയാണ് പുനഃരധിവസിപ്പിക്കുന്നത്. ഒരുലക്ഷത്തോളം പേര്‍ ഈ കുടുംബങ്ങളില്‍ ഉള്‍പ്പെടുന്നു. 8502 കുടുംബം പദ്ധതിയില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചു. വിശദ പദ്ധതിരേഖ ഫിഷറീസ് വകുപ്പ് തയാറാക്കി. ഇത് മന്ത്രിസഭാ യോഗം പരിഗണിക്കും.
2021 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍. ഇതിനായി 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് റീബില്‍ഡ് കേരള പദ്ധതിയില്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ബാക്കി 623 കോടി ബജറ്റ് വകയിരുത്തലായി ലഭ്യമാക്കണമെന്നും പദ്ധതിരേഖയില്‍ പറയുന്നു. ഒരു കുടുംബത്തിന് ഭൂമി വാങ്ങി വീട് നിര്‍മിക്കുന്നതിന് 10 ലക്ഷം രൂപ ലഭ്യമാക്കുന്നതാണ് പദ്ധതി.
മൂന്നുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ആദ്യവര്‍ഷം 997.33 കോടിയും രണ്ടും മൂന്നും വര്‍ഷങ്ങളില്‍ 511.84 കോടി വീതവും ചെലവ് പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തില്‍ 8487 കുടുംബത്തെ പുനരധിവസിപ്പിക്കുക. രണ്ടും മൂന്നും വര്‍ഷങ്ങളില്‍ 5099 വീതം കുടുംബത്തെ മാറ്റി താമസിപ്പിക്കും.
ആദ്യഘട്ട പദ്ധതിയില്‍, നിലവില്‍ പുനഃരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട 1788 കുടുംബത്തെയും ഉള്‍പ്പെടുത്തും. അടങ്കല്‍ 68.49 കോടി രൂപ. വീട് നിര്‍മാണം പല ഘട്ടത്തില്‍ മുടങ്ങിയവരാണ് ഇവര്‍. നിലവിലെ പദ്ധതിയില്‍ ഉള്‍പ്പെട്ട 772 കുടുംബത്തിനായി 78.20 കോടി രൂപയില്‍ 92 ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫ്ലാറ്റ് സമുച്ചയങ്ങളിലേക്ക് താമസം മാറാന്‍ സമ്മതമുള്ള കുടുംബങ്ങളെയെല്ലാം ഈ ഘട്ടത്തിലേക്ക് പരിഗണിക്കണമെന്നും പദ്ധതി രേഖ പറയുന്നു.
















