തിരുവനന്തപുരം: സാഹസികരായ സഞ്ചാരികളെ, ഇതാ നിങ്ങള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നു വരയാട്ടുമൊട്ട. പുല്‍മേടുകളും പാറക്കെട്ടുകളും നിറഞ്ഞ ഈ ഉള്‍ക്കാട്ടില്‍ തലങ്ങും വിലങ്ങും ഒറ്റയ്‌ക്കും കൂട്ടത്തോടെയും പായുന്ന വരയാടുകളെ കാണാനുള്ള ഒരു പദ്ധതിക്ക് ജീവന്‍ നല്‍കാനുള്ള തയാറെടുപ്പിലാണ് വനം വകുപ്പ്.
ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ മാതൃകയില്‍ വരയാടുകള്‍ക്കായി സംരക്ഷിത താവളം ഒരുക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. വംശനാശ ഭീഷണി നേരിടുന്ന, റെഡ് ഡാറ്റാ ബുക്കില്‍ സ്ഥാനം പിടിച്ച വന്യജീവിയാണ് വരയാടുകള്‍ അഥവാ നീലഗിരി താര്‍. മൂന്നാറിനടുത്ത് ഇരവികുളം കഴിഞ്ഞാല്‍ അഗസ്ത്യമലനിരകളിലെ നെയ്യാര്‍ വനത്തിലാണ് വരയാടുകളെ കൂട്ടത്തോടെ കാണാന്‍ കഴിയുന്നത്. നെയ്യാര്‍ഡാമില്‍ നിന്നും ഏതാണ്ട് 30 കി.മീ. അകലെ അതിര്‍ത്തിവനത്തോട് ചേര്‍ന്നുള്ള വരയാട്ടുമൊട്ടയാണ് വരയാടുകള്‍ താവളമാക്കിയിരിക്കുന്നത്.
കുന്നും പാറക്കെട്ടും നിറഞ്ഞ ഇവിടം പുല്‍മേടുകള്‍ കൊണ്ട് സമ്പന്നമാണ്. പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന വരയാടുകള്‍ക്ക് ഇഷ്ടഭൂമി കൂടിയാണ് തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന വരയാട്ടുമൊട്ട. അതിരുവനമായതിനാല്‍ ആരും പ്രത്യേക ശ്രദ്ധ കൊടുക്കാത്തതിനാല്‍ വരയാടുകള്‍ക്ക് വേട്ടക്കാര്‍ വിലയിട്ടുതുടങ്ങി. വന്‍തോതിലാണ് ഇവിടെ വരയാടുകളെ കൊന്നൊടുക്കിയത്. അതോടെ അവറ്റകളുടെ എണ്ണവും കുറഞ്ഞു. 15 കൊല്ലങ്ങള്‍ക്കുമുമ്പ് നിരവധി പ്രകൃതിസ്നേഹികളും പഠനം നടത്താന്‍ എത്തിയ ശാസ്ത്രജ്ഞരും ഇവിടെ ഒരു സംരക്ഷിതകേന്ദ്രം ഉണ്ടാക്കണമെന്ന് നിര്‍ദേശം നല്‍കി. ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിട്യൂട്ടും ഇതേ ആവശ്യം ഉന്നയിച്ചു. എന്നാല്‍ അതെല്ലാം സര്‍ക്കാര്‍ അവഗണിച്ചു.
മുംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി അധികൃതര്‍ ഈ വനഭൂമി സന്ദര്‍ശിച്ചു വിശദ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് വനംവകുപ്പ് അനങ്ങിയത്. പല റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമാണ് ഇവിടെ സംരക്ഷണ കേന്ദ്രമുണ്ടാക്കാന്‍ വനംവകുപ്പ് ഇപ്പോള്‍ ആലോചിക്കുന്നത്. വിദഗ്ധര്‍ മുമ്പുനല്‍കിയ റിപ്പോര്‍ട്ടുകള്‍ വനംവകുപ്പിന്റെ കയ്യിലുണ്ട്. പൊടിപിടിച്ച ഈ ഫയല്‍ പുറത്തെടുക്കാനുള്ള ആലോചനയിലാണ് വകുപ്പ്. ആവശ്യത്തിന് വനപാലകരെയും സംരക്ഷകരേയും നിയമിച്ച് വേട്ടക്കാരെ തടയും.
വിനോദസഞ്ചാരികളെ എത്തിക്കാനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്. കാട്ടുമൃഗങ്ങള്‍ നിറഞ്ഞ വനത്തിലൂടെ ഉയരമുള്ള ഭാഗങ്ങള്‍ താണ്ടിയുള്ള സാഹസിക യാത്ര. അതിനുശേഷം വരയാട്ടുമൊട്ടയില്‍ താമസം. ഇങ്ങനെ ഉഗ്രന്‍ വനയാത്രയ്‌ക്കാണ് പദ്ധതി തയാറാകുന്നത്. ഇവിടെ നിരവധി പാറപരപ്പുകളും മറ്റുമുണ്ട്. അത് ഉപയോഗപ്പെടുത്താനും നീക്കമുണ്ട്. കാട്ടുപോത്തുകളും ആനയും കടുവയും കരടിയും വിഹരിക്കുന്ന ഭാഗം കൂടിയാണിവിടം. അതിനാല്‍ കാഴ്ചകള്‍ക്ക് ഒരു പരിധിയും ഇല്ല എന്ന സവിശേഷതയും ഉണ്ട്.
















