ന്യുയോര്‍ക്ക്: അമേരിക്കന്‍ കമാന്‍ഡോകളെയും വേട്ടപ്പട്ടികളെയും കണ്ടപ്പോള്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി പേടിച്ച് ഓടിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരച്ചെത്തിയ യുഎസ് സൈന്യത്തെ കണ്ട് അയാള്‍ പേടിച്ചു വിറച്ച് തുരങ്കത്തിലൂടെ ഓടി. തുടര്‍ന്ന് ഇയാളെ സൈന്യം പിന്തുടരുകയായിരുന്നു. ഇതിനിടെ ബഗ്ദാദി പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ബഗ്ദാദിയുടെ രണ്ടു ഭാര്യമാരുമുണ്ടായിരുന്നു. ഇവരുടെ വയറില്‍ സ്ഫോടകവസ്തുക്കള്‍ കെട്ടിവെച്ചിട്ടുണ്ടായിരുന്നു. താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് അവസാനമിറങ്ങിയതും ബഗ്ദാദിയായിരുന്നു. കൊല്ലപ്പെട്ട ശേഷം അവിടെവച്ചു തന്നെയായിരുന്നു ഡിഎന്‍എ പരിശോധന. 15 മിനിറ്റിനകം ഫലം ലഭിച്ചെന്നും ട്രംപ് വ്യക്തമാക്കി.
ഐഎസ് തലവന്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് യുഎസിന്റെ ഡെല്‍റ്റ ഫോഴ്സ് സംഘം ഹെലികോപ്ടറുകളിലെത്തി താഴേക്ക് ഇറങ്ങുകയായിരുന്നു. ആദ്യം കെട്ടിടത്തിനു നേരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തു. ഹെലികോപ്ടറുകള്‍ അടുത്തെത്തിയതോടെ താഴെ നിന്നു വെടിവയ്പുണ്ടായി. തുടര്‍ന്ന് പ്രത്യേക പരിശീലനം ലഭിച്ച വേട്ടനായ്ക്കള്‍ക്കൊപ്പം ബഗ്ദാദിയുടെ താവളം ലക്ഷ്യമാക്കി കമാന്‍ഡോസ് കുതിച്ചു. ഇതിനിടയില്‍ ഒരു തുരങ്കത്തിലേക്ക് മൂന്നു കുട്ടികളുമായി കടക്കുകയായിരുന്നു ബാഗ്ദാദി. കെ9 എന്നറിയപ്പെടുന്ന നായ്ക്കള്‍ ഇയാളുടെ പിന്നാലെയോടി. ഓടുന്നതിനിടെ വഴിനീളെ ബഗ്ദാദി ഉറക്കെ കരയുകയായിരുന്നു. തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തുമ്പോഴേക്കും നായ്ക്കള്‍ പിടികൂടിയിരുന്നു. അതിനിടെ ദേഹത്തു കെട്ടിവച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചു.
അമേരിക്കന്‍ സൈന്യം വെടിവെയ്ക്കാതിരിക്കാന് മൂന്നുകുട്ടികളുമായാണ് ഇയാള്‍ ഓടിയത്. പിടിക്കപ്പെടുമെന്നുറപ്പായതോടെ സ്വയം പൊട്ടിത്തെറിച്ചു. മൂന്നു കുഞ്ഞുങ്ങളെയും ചേര്‍ത്തു നിര്‍ത്തിയായിരുന്നു ഇയാള്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചു. ഒരു ചാവാലി പട്ടിയെ പോലെയാണ് ചത്തത്. യു.എസ് കമാന്‍ഡോ വളഞ്ഞ സമയത്ത് ഉറക്കെ നിലവിളിക്കുകയായിരുന്നു. ഐഎസില്‍ ചേരാന്‍ പോകുന്നവര്‍ ഇതും ഓര്‍ക്കണം. യുഎസിന്റെ ഭാഗത്ത് ആള്‍നാശമൊന്നുമില്ലെന്നും ട്രംപ് വ്യക്തമാക്കി. വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ‘ലൈവ്’ ആയി ട്രംപ് ആക്രമണം കണ്ടിരുന്നു. ബഗ്ദാദിയെ കൊലപ്പെടുത്താന്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കിയതിന് റഷ്യ, തുര്‍ക്കി, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്കും സിറിയന്‍ കുര്‍ദുകള്‍ക്കും ട്രംപ് അഭിനന്ദിച്ചു. ലോകം സുരക്ഷിതമാണെന്നും അദേഹം പറഞ്ഞു.
ഇബ്രാഹിം അവാദ് ഇബ്രാഹിം അല്‍ബാദ്രി എന്നാണ് ബഗ്ദാദിയുടെ യഥാര്‍ഥ പേര്. ഭീകരന് ഒസാമ ബിന്‍ ലാദനു സമാനമായി യുഎസ് കണക്കാക്കിയിരുന്ന ഭീകരനായിരുന്നു അല്‍ ബഗ്ദാദി. സിറിയയില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിച്ച ട്രംപിന്റെ നടപടിക്കെതിരെ യുഎസില്‍ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. അതിനിടയിലാണ് ഐഎസ് തലവനെ കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇതോടെ ലോകത്തിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ താക്കീത് കൂടിയാണ് യുഎസ് നല്‍കിയിരിക്കുന്നത്. മുമ്പ് അല്‍ഖ്വയ്ദ ഭീകരന് ഒസാമ ബിന്‍ ലാദനെ വധിച്ചതും യുഎസ് സൈന്യം ആയിരുന്നു. ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011ല്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: